വാഷിങ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാകുമ്പോൾ അത് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക തീരുമാനങ്ങളിലൊന്നാകും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ ജനപ്രതിനിധി സഭ 197 ന് എതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസാക്കിയത്.
ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് തള്ളിയതോടെയാണ് യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്‍റ് നടപടികളിലേക്ക് കടന്നത്. ഇതോടെ അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്‍റായി ട്രംപ് മാറി. ജനപ്രതിനിധ സഭയില്‍ അസാധാരണമാം വിധം 10 റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രസിഡന്‍റിന് എതിരെ വോട്ട് ചെയ്തതും ശ്രദ്ധേയമായി. വൈറ്റ് ഹൗസിലും പാർട്ടിയിലും ട്രംപിന് പിന്തുണ നഷ്ടമാകുന്നതിന്‍റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
ഇനി സെനറ്റിലേക്കാണ് ഇംപീച്ച്മെന്‍റ് നടപടികൾ കടക്കുന്നത്. ജനപ്രതിനിധി സഭയില്‍ അംഗീകാരം ലഭിച്ചെങ്കിലും സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്മെന്‍റ് നടപടികൾ പൂർണമാകൂ. റിപ്പബ്ലിക്കൻ പാർട്ടിയില്‍ തന്നെ എതിർപ്പുയർന്ന സാഹചര്യത്തില്‍ ട്രംപ് സെനറ്റില്‍ ശക്തമായ വിചാരണ നേരിടേണ്ടിവരുമെന്നുറപ്പാണ്. ഈമാസം 20ന് സെനറ്റില്‍ വിചാരണ നടക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം, ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി രൂക്ഷമായ ഭാഷയിലാണ് ട്രംപിനെ വിമർശിച്ചത്. കാപിറ്റോൾ ആക്രമണത്തില്‍ പങ്കെടുത്തവർ ജനധിപത്യത്തിലെ തീവ്രവാദികളാണെന്നും അവരെ നയിച്ച ട്രംപ് രാജ്യത്തിന് ഭീഷണിയാണെന്നും പെലോസി പറഞ്ഞു.
ഈമാസം ആറിന് യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനം നടക്കവേ ട്രംപ് അനുകൂലികൾ കാപിറ്റോൾ മന്ദിരത്തില്‍ നടത്തിയ അതിക്രമങ്ങളുടെ പേരിലാണ് ഡെമോക്രാറ്റുകൾ ട്രംപിന് എതിരെ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവന്നത്. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതിലൂടെ പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടമായെന്നാണ് ഡെമോക്രാറ്റുകളുടെ വാദം.