വാഷിങ്‌ടണ്‍: യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിൽ വെടിവെപ്പ്. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസ് പൂട്ടി. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വാർത്താസമ്മേളനത്തിനിടെയാണ് വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ് നടന്നത്. തുടർന്ന് ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അക്രമിയെ സുരക്ഷാജീവനക്കാർ കീഴ്‌പ്പെടുത്തിയ ശേഷം ട്രംപ് തിരിച്ചെത്തി വാർത്താസമ്മേളനം പുനരാരംഭിച്ചു. സുരക്ഷാ സേനയുടെ വെടിവയ്പിൽ പരിക്കേറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
കൊവിഡുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തുകയായിരുന്നു ട്രംപ്. ഇതിനിടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ എത്തി ട്രംപിനെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. മിനിറ്റുകൾക്ക് ശേഷം തിരിച്ചെത്തിയ ട്രംപാണ് വൈറ്റ് ഹൗസിന് മുന്നിൽ നടന്ന വെടിവയ്പിനെക്കുറിച്ച് അറിയിച്ചത്. വെടിവെച്ച് വീഴ്ത്തിയ ആള്‍ ആയുധങ്ങളുമായിട്ടാണ് എത്തിയതെന്നും ട്രംപ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ വേണ്ടത് ചെയ്യാന്‍ തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്നും ട്രംപ് പറഞ്ഞു. രാജ്യ സുരക്ഷ നിലനിർത്തുന്നതിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ട്രംപ് പ്രശംസിച്ചു.