തെഗൂചിഗൽപ: ഹോണ്ടുറാസിലുണ്ടായ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 57 ആയി ഉയർന്നു. കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്ത് എട്ട് പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഉണ്ടായ കൊടുങ്കാറ്റ് രാജ്യത്തൊട്ടാകെ 1,871,709 പേരെ ബാധിച്ചതായി സർക്കാർ കോണ്ടിജൻസി കമ്മിഷൻ അറിയിച്ചു. 73,647 പേരെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചു.
14,242 വീടുകൾ, 113 റോഡുകൾ, മൂന്ന് സ്കൂളുകൾ, 29 പാലങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. 39,399 പേരെ രാജ്യത്തുടനീളം സ്ഥാപിച്ച 374 ഷെൽട്ടറുകളിലേക്ക് മാറ്റി. വടക്കൻ സുല താഴ്‌വരയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശം. പിമിയന്‍റ, ബരാക്കോവ, പോട്രെറില്ലോസ്, ലാ ലിമ, ചോളോമ തുടങ്ങിയ നദികൾ കവിഞ്ഞൊഴുകുകയാണ്.
അതേസമയം, നിക്കരാഗ്വ, ഗ്വാട്ടിമാല, എൽ സാൽവഡോർ, മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് പ്രസിഡന്‍റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസ് നന്ദി അറിയിച്ചു.
രാജ്യത്തിന്‍റെ പുനർനിർമാണത്തിലേക്ക് ഉടൻ നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.