വാഷിംഗ്‌ടൺ: ടെക്‌സസിൽ 10,028 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ആദ്യമായാണ് ടെക്‌സസിൽ 10,000 ത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ടെക്‌സസ് റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് അബോട്ട് മെയ് മാസത്തില്‍ വ്യാപാരസ്ഥാപനങ്ങളെല്ലാം പുനഃരാരംഭിക്കാൻ ഉത്തരവിട്ടെങ്കിലും കഴിഞ്ഞയാഴ്‌ച മുതൽ രോഗികളുടെ അനിയന്ത്രിതമായ വർധനവ് മൂലം ബാറുകൾ അടക്കുകയും, പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുകയും ചെയ്‌തു. ന്യൂയോർക്കും ഫ്ലോറിഡയുമാണ് ഒരു ദിവസം 10,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങൾ. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെക്‌സസിൽ മരണസംഖ്യ കുറവാണ്. ഇതുവരെ 2,715 പേരാണ് ടെക്‌സസിൽ മരിച്ചത്.
എന്നാൽ ദിനംപ്രതിയുള്ള മരണനിരക്ക് വർധിക്കുന്നുണ്ട്. രോഗബാധ നിരക്ക് 13.5 ശതമാനമായി ഉയർന്നു. പരിശോധനകളുടെ എണ്ണം കുറവായതാണ് രോഗബാധയുടെ പ്രധാനകാരണം. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്. ഏപ്രിൽ മുതൽ ന്യൂയോർക്ക് സിറ്റിയിലെ ആശുപത്രികളിൽ രോഗികൾ വർധിച്ചു, നൂറുകണക്കിന് രോഗികൾ ദിനംപ്രതി മരിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളായ ഓസ്റ്റിൻ, സാൻ അന്‍റോണിയോ, ഹോസ്റ്റൺ എന്നിവിടങ്ങളിലെ മേയർമാർ കൊവിഡ് രോഗികൾ വർധിക്കുമെന്ന് ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.