വാഷിങ്ടൺ: അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ കാപ്സ്യൂൾ വിജയകരമായി യാത്ര തിരിച്ചു. നാസയുടെ രണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചു കൊണ്ടാണ് സ്പേസ് എക്‌സ് ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്നത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചു. സ്വകാര്യ വാഹനത്തില്‍ ബഹിരാകാശസഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്.
സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ കാപ്സ്യൂൾ റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍നിന്ന് ഇന്ന് പുലര്‍ച്ച 1.50നാണ് യാത്ര തിരിച്ചത്. നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ റോബര്‍ട് ബെഹന്‍കെനും ഡൗഗ്ലസ് ഹാര്‍ലിയുമാണ് ഇതില്‍ യാത്ര ചെയ്യുന്നത്. നേരത്തെ ബുധനാഴ്ച വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. 2011ല്‍ നാസ സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം നിര്‍ത്തിയതിന് ശേഷം ആദ്യമായാണ് ബഹിരാകാശ യാത്രികരുമായി സഞ്ചരിക്കുന്നത്. ഒരു പ്രൈവറ്റ് കമ്പനി അതിന്‍റെ തന്നെ റോക്കറ്റ് ഉപയോഗിച്ച് മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതും ഇതാദ്യമാണ്. പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള കമ്പനിയാണ് നാസയുമായി സഹകരിക്കുന്നത്. സ്‌പേസ് എക്‌സും ബോയിങ്ങും ചേര്‍ന്നാണ് 680 കോടി ഡോളര്‍ ചെലവുള്ള ദൗത്യം നടത്തുന്നത്.