വാഷിങ്‌ടൺ: സ്‌പെയ്‌സ് എക്‌സും നാസയും ചേർന്ന് ചരിത്ര നേട്ടത്തിനൊരുങ്ങുന്നു. നാസയിലെ മുതിർന്ന ബഹിരാകാശയാത്രികരായ ഡഗ് ഹർലി, ബോബ് ബെൻകെൻ എന്നിവരാണ് സ്‌പെയ്‌സ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ബഹിരാകാശ നിലയത്തിലേക്ക് ബുധനാഴ്ച വൈകുന്നേരം പരീക്ഷണ യാത്ര നടത്തുന്നത്. ഇതോടെ ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലെത്തിച്ച ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പെയ്‌സ് എക്‌സ് മാറും.
ആശങ്കയുണ്ടെങ്കിൽ കൗണ്ട്‌ഡൗൺ നിർത്താൻ ലോഞ്ച് ഗ്രൂപ്പിലെ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ നാസയും സ്‌പെയ്‌സ് എക്‌സും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബഹിരാകാശയാത്രികരുടെ സുരക്ഷക്കാണ് മുൻഗണന നൽകേണ്ടതെന്ന് ബഹിരാകാശ കേന്ദ്രത്തിലെ നാസ മേധാവി ജിം ബ്രിഡൻസ്റ്റൈൻ പറഞ്ഞു.
സ്‌പെയ്‌സ് എക്‌സ് 2012 മുതൽ ബഹിരാകാശ നിലയത്തിലേക്ക് കാർഗോ ക്യാപ്‌സൂളുകൾ വിക്ഷേപിക്കുന്നുണ്ട്. സ്‌പെയ്‌സ് എക്‌സ് ബഹിരാകാശ യാത്ര ഇന്ന് നടത്താൻ സാധിച്ചില്ലെങ്കിൽ അടുത്ത ശ്രമം ശനിയാഴ്‌ച നടത്തും. ഫ്ലോറിഡയിൽ നിന്ന് അവസാനമായി 2011 ജൂലൈയിലാണ് നാസയുടെ അവസാന ബഹിരാകാശ വിമാനം ഉയർന്നത്. 2014 ലാണ് നാസ സ്‌പെയ്‌സ് എക്‌സിനെയും ബോയിംഗിനെയും ബഹിരാകാശ ദൗത്യങ്ങൾക്കായി നിയോഗിച്ചത്.