വാഷിംഗ്‌ടൺ: സിഖ് പൊലീസ് ഉദ്യോഗസ്ഥനെ യുഎസിലെ ടെക്സാസിൽ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട സന്ദീപ് ധാലിവാൾ (42) ഹാരിസ് കൗണ്ടിയിലെ ആദ്യത്തെ സിഖ് ഡെപ്യൂട്ടി ഉദ്യോഗസ്ഥനും മതപരമായ അവകാശങ്ങളുടെ വിപുലീകരണത്തിനായി ശ്രമിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം നടന്നത്.
ധാലിവാലും പ്രതിയായ റോബർട്ട് സോളിസും (47) കാറിനുള്ളില്‍ സംസാരിച്ചതിന് ശേഷം ഔദ്യോഗിക വാഹനത്തിലേക്ക് വന്ന ധാലിവാലിനെതിരെ സോളിസ് വെടിയുതിർക്കുകയായിരുന്നുവെന്ന് ഹാരിസ് കൗണ്ടി ഓഫീസ് മേജർ മൈക്ക് ലീ പറഞ്ഞു. ദാലിവാളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്ത് വർഷം മുമ്പ് കൗണ്ടിയിലെ ആദ്യത്തെ സിഖ് ഡെപ്യൂട്ടി ഉദ്യോഗസ്ഥനായിരുന്നു ദാലിവാൾ.
ജോലിക്കിടെ മതവസ്ത്രം ധരിക്കാനും താടി വളർത്താനും അനുവദിക്കണമെന്ന് വകുപ്പിനെ ബോധ്യപ്പെടുത്തുകയായിരുന്നു ഡാലിവാൾ. ഗുരുദ്വാരയിലും വളരെ സജീവമായിരുന്ന അദ്ദേഹം മൂന്ന് കുട്ടികളുടെ പിതാവാണ്. സമൂഹത്തിന് ആവശ്യമുള്ളത് ചെയ്യാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നെന്ന് കമ്മ്യൂണിറ്റി അംഗം സമ്പൂർ സിംഗ് പറഞ്ഞു.