വാഷിങ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഉടൻ സംഭവിച്ചേക്കുമെന്ന് അമേരിക്ക. കെട്ടിചമച്ച കാര്യങ്ങള്‍ ഉയര്‍ത്തികാട്ടിയായിരിക്കും റഷ്യയുടെ അധിനിവേശമുണ്ടാകുകയെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസ്‌കി മാധ്യമങ്ങളോട് പറഞ്ഞു. ഡൊണാബാസില്‍ യുക്രൈനിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി, റഷ്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം, രാസായുധങ്ങള്‍ തുടങ്ങിയ വാര്‍ത്തകള്‍ റഷ്യ കെട്ടി ചമയ്ക്കും. ഇതില്‍ ലോകം കരുതിയിരിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
മ്യൂണിക് സുരക്ഷ സമ്മേളനത്തില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെയും വിദേശകാര്യ സെക്രട്ടറി ടോണി ബ്ലിങ്കനെയും പ്രസിഡന്‍റ് ജോബൈഡന്‍ ചുമതലപ്പെടുത്തി. ഫെബ്രുവരി 18 മുതല്‍ 20വരെയാണ് മ്യൂണിക് സുരക്ഷ സമ്മേളനം. ലോക രാജ്യങ്ങളെ റഷ്യയ്‌ക്കെതിരെ അണിനിരത്തുക എന്നതാണ് മ്യൂണിക് കോണ്‍ഫറന്‍സില്‍ അമേരിക്കയുടെ ലക്ഷ്യം.
യുക്രൈനിന്‍റെ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്നതാണ് ഡൊണാബാസ്. റഷ്യ അനുകൂല വിഘടനവാദികളുടെ നിയന്ത്രണത്തിലാണ് ഡൊണാബാസിലെ ചിലഭാഗങ്ങള്‍. നാറ്റോ സംഖ്യകക്ഷികളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം മ്യൂണിക് സമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് കമലഹാരിസും വിദേശ കാര്യ സെക്രട്ടറി ബ്ലിങ്കനും ശക്തമായി പ്രഖ്യിപിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. യുക്രൈനിന്‍റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനാവശ്യമായ നിലപാടുകള്‍ അമേരിക്ക സ്വീകരിക്കും. യുറോപ്പിന്‍റെ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ജെന്‍ പസ്‌കി പറഞ്ഞു.
അതേസമയം യുക്രൈനെതിരെ തങ്ങള്‍ ആക്രമണം നടത്തില്ലെന്ന് റഷ്യ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്. എന്നാല്‍ നാറ്റോ സംഖ്യം കിഴക്കന്‍ യൂറോപ്പിലേക്ക് വ്യാപിക്കുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് റഷ്യ പറയുന്നത്. ഉക്രൈനിനെ നാറ്റോസംഖ്യത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് റഷ്യ ആവശ്യപ്പെടുന്നു. കൂടാതെ സോവിയേറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന രാജ്യങ്ങളിലെ നാറ്റോയുടെ സൈനിക സാന്നിധ്യം പിന്‍വലിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു.