വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനെ യുദ്ധകുറ്റവാളി എന്ന് വിളിച്ച് യുഎസ് പ്രസിഡഡന്‍റ് ജോ ബൈഡന്‍. യുക്രൈനിലെ റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ബൈഡന്‍റ പ്രതികരണം. യുക്രൈനില്‍ റഷ്യയുടെ അധിനിവേശം തുടങ്ങിയതിന് ശേഷം പുടിനെതിരെ ബൈഡന്‍ നടത്തുന്ന ഏറ്റവും കടുത്ത പരാമര്‍ശമാണിത്.
അതേസമയം റഷ്യയ്‌ക്കെതിരായുള്ള തങ്ങളുടെ ചെറുത്തുനില്‍പ്പില്‍ യുഎസിന്‍റെ കൂടുതല്‍ സഹായം യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. യുഎസ് കോണ്‍ഗ്രസിനെ(യുഎസ് നിയമനിര്‍മാണ സഭ) വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു സെലന്‍സ്‌കി. റഷ്യന്‍ നിയമനിര്‍മാണ സഭയിലെ എല്ലാ അംഗങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തണമെന്നും റഷ്യയില്‍നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിക്കണമെന്നും അഭിസംബോധനയില്‍ സെലന്‍സ്‌കി യുഎസിനോട് ആവശ്യപ്പെട്ടു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് കൊണ്ടാണ് സെലന്‍സ്കിയുടെ അഭിസംബോധനയെ വരവേറ്റത്.
ബൈഡന്‍ ഹൃദയത്തില്‍ നിന്നാണ് പുടിനെ യുദ്ധകുറ്റവാളിയെന്ന് വിളിച്ചതെന്ന് വൈറ്റ്ഹൗസ് പ്രസ്‌സെക്രട്ടറി ജെന്‍പെസ്കി പറഞ്ഞു. റഷ്യയ്‌ക്കെതിരായി പൊരുതുന്നതിന് യുക്രൈന് കൂടുതല്‍ സഹായം അമേരിക്ക നല്‍കണമെന്നുള്ള സെലന്‍സ്‌കിയുടെ ആവശ്യം തങ്ങള്‍ക്ക് മനസിലാവുന്നുണ്ടെന്നും പെസ്‌കി പറഞ്ഞു. യുക്രൈനില്‍ നോഫ്ലൈസോണ്‍ യുഎസ് പ്രഖ്യാപിക്കണമെന്ന യുക്രൈനിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം ബൈഡന്‍ ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ല.
നോഫ്ലൈസോണ്‍ പ്രഖ്യാപിച്ചാല്‍ റഷ്യയുമായി യുഎസ് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പോകും. യുക്രൈന് മുകളിലൂടെ പറക്കുന്ന റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവിച്ചിടുക എന്നതാണ് നോഫ്ലൈസോണ്‍ പ്രഖ്യാപിച്ചാല്‍ ഉണ്ടാവാന്‍പോകുക. യുക്രൈന് കൂടൂതല്‍ ആയുധങ്ങള്‍ നല്‍കുകയാണ് ഇപ്പോള്‍ അമേരിക്ക ചെയ്യുന്നത്.
ALSO READ: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചെെനീസ് വിദേശകാര്യമന്ത്രി