വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വൈസ് പ്രസിഡന്‍റ് സംവാദത്തില്‍ ഡൊണാൾഡ് ട്രംപിന് എതിരെ രൂക്ഷ വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. ട്രംപ് സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ പരാജയമാണെന്ന് മൈക്ക് പെൻസുമായി നടന്ന വൈസ് പ്രസിഡന്‍റ് സംവാദത്തിനിടെ കമല പ്രതികരിച്ചു.
ട്രംപിന് രോഗം സ്ഥിരീകരിച്ചത് ഇതിന് തെളിവാണ്. രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണ പരാജയത്തിന് അമേരിക്കൻ ജനത സാക്ഷ്യം വഹിച്ചു. കൊവിഡിന്‍റെ അപകട സാധ്യതകൾ തിരിച്ചറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ലെന്നും കമല ഹാരിസ് ആരോപിച്ചു.
ജനങ്ങളുടെ ജീവിതം കൊണ്ട് രാഷ്ട്രീയം കളിക്കരുതെന്ന് എതിർ സ്ഥാനാർഥി മൈക്ക് പെൻസ് കമല ഹാരിസിന് മറുപടി നല്‍കി. ചൈനയില്‍ രോഗം സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ചൈനയില്‍ നിന്നുള്ളവരുടെ വരവ് അമേരിക്ക നിരോധിച്ചു. യുഎസിന്‍റെ ആരോഗ്യമേഖലെ ട്രംപ് ഒന്നാം സ്ഥാനത്ത് എത്തിച്ചെന്നും കൊവിഡ് വാക്‌സിൻ ഉടൻ പുറത്തിറക്കുമെന്നും പെൻസ് തിരിച്ചടിച്ചു.
ട്രംപ് ഭരണകാലത്ത് വികസിപ്പിക്കുന്ന വാക്‌സിനില്‍ വിശ്വാസമില്ലെന്ന് കമല ഹാരിസ് പറഞ്ഞു. വിദഗ്‌ധർ ആവശ്യപ്പെട്ടാല്‍ മാത്രമേ ആ വാക്സിൻ ഉപയോഗിക്കൂവെന്നും ട്രംപ് ആവശ്യപ്പെട്ടാല്‍ അത് സ്വീകരിക്കില്ലെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധത്തിന്‍റെ പോരായ്മകൾ നേട്ടങ്ങളും കാലാവസ്ഥ വ്യതിയാനം, ഗർഭഛിദ്ര നിയമം, സുപ്രീംകോടതി ജഡ്‌ജ് നിയമനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് വൈസ് പ്രസിഡന്‍റ് സംവാദം അരങ്ങേറിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന സംവാദത്തില്‍ നേതാക്കൾക്കും മോഡറേറ്റിനുമിടയില്‍ പ്ലെക്സിഗ്ലാസ് സ്ഥാപിച്ചിരുന്നു.