വെനസ്വേലയില്‍ ശക്തിപ്രകടനം നടത്തി സ്വയംപ്രഖ്യാപിത പ്രസിഡന്‍റ് യുവാന്‍ ഗെയ്ദോ. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി വെനസ്വേലയില്‍ തിരിച്ചെത്തിയ ഗ്വെയ്ദോയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. നിക്കോളാസ് മദുറോക്ക് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവയ്ക്കണമെന്നും ലാസ് മെര്‍സെഡെസില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് യുവാന്‍ ഗെയ്ദോ പറഞ്ഞു.
പിന്തുണ ഉറപ്പാക്കാനായി ബ്രസീല്‍, അര്‍ജന്‍റീന, പരാഗ്വേ, കൊളംബിയ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് യുവാന്‍ ഗെയ്ദോ സന്ദര്‍ശനം നടത്തിയത്. തിരിച്ചെത്തുന്ന ദിവസം വെനസ്വേലയില്‍ ശക്തിപ്രകടനം നടത്തുമെന്ന് ഗെയ്ദോ വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്നും തിരിച്ചെത്തുന്ന ഗെയ്ദോയെ അറസ്റ്റ് ചെയ്യുമെന്ന് മദുറോ അറിയിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
അതേ സമയം വെനസ്വേലയുടെ അതിര്‍ത്തികളില്‍പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ബ്രസീല്‍, കൊളംബിയ അതിര്‍ത്തികള്‍ വെനസ്വേല അടച്ചതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്.