വാഷിങ്ടണ്‍: അമേരിക്കയിലെ വിർജീനിയ ബീച്ചിൽ ശനിയാഴ്ച രാത്രി നടന്ന വെടിവയ്പ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിർജീനിയ ബീച്ച് പൊലീസ് വകുപ്പ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10:08 ഹിയാവത്ത ഡ്രൈവിലെ 1600 ബ്ലോക്കിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോള്‍ വെടിയേറ്റ മൂന്ന് പേരെ കണ്ടെത്തുകയായിരുന്നു. ഇവരിൽ ഒരാളെ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി കണ്ടെത്തി. മാരകമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും സംശയാസ്പദമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. മാർച്ച് 26 ന് വിർജീനിയ ബീച്ചിൽ വന്‍ വെടിവയ്പ്പ് നടന്നിരുന്നു. ഈ സംഭവത്തെ പൊലീസ് വളരെ കുഴപ്പമുള്ള രാത്രി എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇതില്‍ രണ്ടുപേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.