വാഷിങ്‌ടൺ: അമേരിക്കയിലെ മിനിയപൊലിസിലുണ്ടായ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്‍ച പുലര്‍ച്ച നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. പത്ത് പേര്‍ക്ക് വെടിയേറ്റതായാണ് പൊലീസ് ആദ്യം ട്വീറ്റ് ചെയ്‌തത്. സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. മിനിയാപ്പൊലിസിലെ നിരവധി ബാറുകളും റസ്റ്റോറന്‍റുകളുമുള്ള ഭാഗത്താണ് വെടിവെപ്പുണ്ടായത്. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബാറുകളും റസ്റ്റോറന്‍റുകളും ജൂണ്‍ ഒന്നു മുതലാണ് തുറന്നത്.
വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മിനിയാപ്പൊലിസിലെ അപ്‍ടൗണ്‍ തിയേറ്ററിനും ഒരു സ്റ്റോറിനും മുന്നിലായാണ് വെടിവെപ്പുണ്ടായതെന്നത് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരാള്‍ വെടിയേറ്റ് തറയില്‍ കിടക്കുന്നതും ആളുകള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ അലറിക്കരയുന്നതും പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ മിനിയാപൊലിസിലെ വാണിജ്യ കേന്ദ്രത്തിന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായത്. മെയ് 25നാണ് ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ മരണത്തിന് ശേഷം മിനിയാപൊലിസിലെ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വൻ അഴിച്ചുപണി നടത്തിയിരുന്നു. സിറ്റി കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിഭാഗവും പൊലീസിലെ ഈ അഴിച്ചുപണിയെ പിന്തുണച്ചിരുന്നു.