വാഷിങ്ടണ്‍: ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കായ തീരുമാനം പിന്‍വലിയ്ക്കണമെന്ന് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓര്‍ഗനൈസനേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി). യുഎന്‍ പൊതു സഭയുടെ 76ാമത് സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഒഐസി കോണ്‍ടാക്‌ട് ഗ്രൂപ്പിന്‍റെ യോഗത്തിലാണ് കശ്‌മീര്‍ വിഷയം ചര്‍ച്ചയായത്.
ഒഐസി ജനറൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിന് ശേഷം കശ്‌മീര്‍ വിഷയവുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്‌താവന പുറപ്പെടുവിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ ഓഫിസ് (എഫ്ഒ) അറിയിച്ചു. 2019 ആഗസ്റ്റ് 5നോ അതിന് ശേഷമോ സ്വീകരിച്ച ഏകപക്ഷീയവും നിയമവിരുദ്ധവുമായ എല്ലാ നടപടികളും ഇന്ത്യ പിൻവലിക്കണമെന്നും കശ്‌മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഒഐസി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കശ്‌മീര്‍ വിഷയത്തില്‍ യുഎൻ സുരക്ഷ സമിതിയുടെ പ്രമേയങ്ങൾക്ക് അനുസൃതമായി പരിഹാരം കാണാതെ ദക്ഷിണേഷ്യയിൽ ശാശ്വത സമാധാനം കൈവരിക്കാനാവില്ലെന്നും പ്രസ്‌താവനയില്‍ പറയുന്നു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ സ്ഥാപിത താത്പര്യക്കാര്‍ ഒഐസിയുടെ പ്ലാറ്റ്‌ഫോം ചൂഷണം ചെയ്യുന്നത് അനുവദിക്കരുതെന്ന് ഇന്ത്യ നേരത്തെ ഒഐസിയോട് ആവശ്യപ്പെട്ടിരുന്നു. 'ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മു കശ്‌മീര്‍. കശ്‌മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാന്‍ ഒഐസിക്ക് അവകാശമില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായങ്ങള്‍ പറയാനായി ഒഐസിയുടെ പ്ലാറ്റ്‌ഫോം ചൂഷണം ചെയ്യാൻ സ്ഥാപിത താത്പര്യക്കാരെ ഒഐസിസി ജനറൽ സെക്രട്ടേറിയറ്റ് അനുവദിക്കരുത്,' ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
Also read: കശ്‌മീര്‍ വിഷയം: പാകിസ്ഥാന്‍ ഐക്യരാഷ്‌ട്രസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇന്ത്യ