വാഷിങ്ടണ്‍: താന്‍ തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ഇംപീച്ച് ചെയ്യപ്പെടുന്നത് അനീതിയാണെന്നും രാജ്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ വിദ്വേഷത്തിന്‍റെ പാര്‍ട്ടിയായി മാറിയിരിക്കുന്നു. അവര്‍ രാജ്യത്തിന് വളരെ ദോഷകരമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നും ട്രംപ് പ്രതികരിച്ചു.
ഇംപീച്ച്മെന്‍റ് ഒരു തട്ടിപ്പാണ്. യുക്രൈനില്‍ യാതൊരു സമ്മര്‍ദവുമില്ല. ആവശ്യമില്ലാത്ത ആരോപണമാണിത്. ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ട്രംപിന്‍റെ പ്രതികരണം. പ്രമേയത്തെ 24 പേര്‍ അനുകൂലിച്ചു. ഇതോടെ ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസാകുമെന്നുറപ്പായി. അടുത്ത വര്‍ഷത്തെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്‍റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് നടപടികള്‍ നേരിടുന്നത്.