ന്യൂയോർക്ക്: ഒരു രാജ്യവുമായും യുദ്ധം നടത്താൻ ചൈനക്ക് ഉദ്ദേശമില്ലെന്നും തർക്കങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുമെന്നും ചൈനീസ് പ്രസിഡൻ്റ് ഷീ-ചിൻ-പിങ്. അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നുവെങ്കിലും സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും മറ്റുള്ളവരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഷീ-ചിൻ-പിങ് പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയുടെ (യു.എൻ.ജി.എ) 75-ാമത് സെഷനിൽ സംസാരിക്കവെയാണ് പരാമർശം.
ചൈനയും ഇന്ത്യയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലും കൊവിഡ് കൈകാര്യം ചെയ്യൽ, വ്യാപാര യുദ്ധം തുടങ്ങിയ നിരവധി വിഷയങ്ങളിലും വാഷിംഗ്‌ടൺ ബീജിങിനെതിരെ തിരിഞ്ഞിരുന്നു. യു.എസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ വഷളാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പരാമർശങ്ങൾ. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ യു.എൻ വാർഷിക അസംബ്ലി വെർച്വൽ ഫോർമാറ്റിലായിരിക്കും നടക്കുക. ജനറൽ ഡിബേറ്റ് സെപ്‌തംബർ 22 മുതൽ 29 വരെ നടക്കും.