വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന വിഷയത്തില്‍ യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പര്‍. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബാഗ്‌ദാദിൽ നടന്ന യുഎസ് വ്യോമാക്രമണത്തിൽ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കന്‍ സൈന്യം തങ്ങളുടെ രാജ്യം വിട്ട് പുറത്തുപോകണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരുന്നു.
വരും ദിവസങ്ങളില്‍ മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറുമെന്ന് അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ ഇറാഖിനെ കത്ത് മുഖാന്തിരം അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെതിരെയാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ പ്രസ്‌താവന. ഇറാഖിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന അയ്യായിരത്തോളം അമേരിക്കൻ സൈനികരെ പിൻവലിക്കണമെന്നുള്ള പ്രമേയം കഴിഞ്ഞ ദിവസം ഇറാഖ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ്‌സിനെതിരെ അമേരിക്കയുടെ സഹായത്തോടെയുള്ള സൈനീക നീക്കങ്ങള്‍ തുടരേണ്ടെന്നും കഴിഞ്ഞ ദിവസം ഇറാഖ് തീരുമാനമെടുത്തിരുന്നു.