വാഷിങ്ടണ്‍ : കൊവിഡ് വാക്‌സിനായ റംഡിസിവറിനും മോൾനുപിരാവിറിനുമൊപ്പം ബ്രെക്വിനാർ മരുന്ന് ചേര്‍ത്ത് നിര്‍മിക്കുന്ന വാക്‌സിന്‍ മിശ്രിതം കൊവിഡിന് എറെ ഫലപ്രദമെന്ന് വിദഗ്‌ധര്‍. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ആരോഗ്യ മാസികയായ നേച്ചറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശ്വാസകോശങ്ങളില്‍ കൊവിഡ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം കൊവിഡിന്‍റെ പെരുകലിനെ തടയുന്നതുമാണ് മരുന്ന്. വാക്‌സിന്‍ ഒറ്റയ്ക്ക് നല്‍കുന്നതിനേക്കാള്‍ ബ്രെക്വിനാർ ചേര്‍ത്ത് നല്‍കുന്നതാണ് ഏറെ ഗുണകരമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. എന്നാല്‍ മിശ്രിതം ഉപയോഗിച്ച് മനുഷ്യരില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയിട്ടില്ല.
മരുന്ന് കൊവിഡ് പ്രതിരോധത്തിന് എറെ ഗുണകരമാണെന്ന് അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പ്രിന്‍സിപ്പലുമായ സാറ ചെറി പറഞ്ഞു. പുതിയ വൈറസുകളുടെ ഉദയത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്‌സിനുകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
18,000 മരുന്നുകളാണ് ആന്‍റി വൈറസ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി ഇവര്‍ പരീക്ഷിച്ചത്. ഇതില്‍ 122 മരുന്നുകള്‍ കൊവിഡിനെതിരായ ആന്‍റിബോഡി ഉത്പാദിപ്പിക്കുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഏറ്റവും ഫലപ്രദമായ മിശ്രിതം ബ്രെക്വിനാർ ബ്ലോക്കുമായി ചേര്‍ത്തതാണ്.
Also Read: കൊവിഡ് വന്നോ... എങ്കില്‍ ശ്രദ്ധിക്കണം ഹൃദയത്തെ
കൊവിഡ് ചികിത്സക്കായി റംഡിസിവര്‍ മനുഷ്യരില്‍ കുത്തിവയ്ക്കാന്‍ യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മോള്‍നുപിറാവിര്‍, ഓറല്‍ പില്‍ എന്നിവയ്ക്ക് ഡിസംബറില്‍ അനുമതി ലഭിച്ചിട്ടുണ്ട്. ശരീരത്തില്‍ വൈറസ് ബാധിച്ചുണ്ടാകുന്ന രാസ, ജൈവിക പ്രവര്‍ത്തനങ്ങളെ കണ്ടെത്തി തടയുകവഴി ശരീരത്തില്‍ വൈറസിന്‍റെ പുനരുത്പാദനത്തെ പ്രതിരോധിക്കുന്നതാണ് ഇതെന്ന് സാറ ചെറി പറഞ്ഞു.
നിലവില്‍ കൊവിഡ് ചികിത്സയ്ക്കും ചില ക്യാന്‍സര്‍ രോഗങ്ങള്‍ക്കുമാണ് ബ്രെക്വിനാർ ഉപയോഗിക്കുന്നത്. എലികളുടെ ശ്വാസകോശത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ച വാക്‌സിന്‍ വലിയ ഡെല്‍റ്റ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമാണെന്നും സാറ കൂട്ടിചേര്‍ത്തു.