വാഷിംഗ്‌ടണ്‍: ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ദൗത്യങ്ങള്‍ക്കായുള്ള പഠനങ്ങള്‍ക്കായി ആളുകളെ കണ്ടെത്താനൊരുങ്ങി നാസ. റഷ്യയിലെ മോസ്‌കോയില്‍ 8 മാസം ഏകാന്ത വാസത്തില്‍ പാര്‍പ്പിച്ചാണ് ആളുകളില്‍ നാസ പഠനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വയിലെയും ചന്ദ്രനിലെയും സമാനമായ സാഹചര്യങ്ങള്‍ ഒരുക്കിയാണ് പഠനം. 30 നും 55നും ഇടയിലുള്ള ആരോഗ്യമുള്ള ആളുകളെയാണ് നാസ തേടുന്നത്. ഇംഗ്ലീഷ്,റഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം, കൂടാതെ വിദ്യാഭ്യാസ യോഗ്യതയായി എംഎസ്,പിഎച്ച്ഡി,എംഡി എന്നിവയും അല്ലെങ്കില്‍ മിലിട്ടറി ഓഫീസര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയിരിക്കുകയും വേണം.
ബാച്ചിലര്‍ ബിരുദമുള്ളവരെയും മിലിട്ടറി അല്ലെങ്കില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ളവരെയും നാസ പരിഗണിക്കും. ഇത്തരം ദീര്‍ഘകാല പദ്ധതികളില്‍ ഏകാന്തവാസം വഴി ബഹിരാകാശ യാത്രികര്‍ അനുഭവിക്കാന്‍ സാധ്യതയുള്ള മാനസികവും ശാരീരികവുമായ അവസ്ഥകളെ നാസ പഠനവിധേയമാക്കും. കൂടാതെ ഭാവിയില്‍ ചന്ദ്രനിലേക്കുള്ള പദ്ധതിയിലേക്കായി മറ്റൊരു സംഘത്തെ കൂടി നാസ തെരഞ്ഞെടുക്കും. ഇവര്‍ക്കായി വിര്‍ച്വല്‍ റിയാലിറ്റി,റോബോര്‍ട്ടിക് പരീക്ഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പഠനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഭാവിയിലെ ചാന്ദ്ര,ചൊവ്വാ ദൗത്യങ്ങള്‍ക്കാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ആസൂത്രണം ചെയ്യുക. തെരഞ്ഞെടുക്കുന്നവര്‍ക്ക് ആവശ്യമായ പ്രതിഫലവും നാസ നല്‍കുന്നതാണ്. 2019ല്‍ നടത്തിയ നാല് മാസത്തെ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നാസയുടെ പുതിയ നീക്കം. സിറിയസ് 19 എന്ന് പേരിട്ട മിഷനില്‍ ആറ് പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2 യുഎസ് പൗരന്മാരും 4 റഷ്യക്കാരും അടങ്ങുന്നതായിരുന്നു സംഘം.