മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കസ്റ്റഡിയിലെടുത്ത 311 ഇന്ത്യക്കാരെ നാടുകടത്തി. അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ തടയണമെന്ന അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മെക്സിക്കോയുടെ നടപടി. രാജ്യത്ത് സ്ഥിരമായി താമസിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്തവരെയാണ് നാടുകടത്തിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോയിംഗ് 747 വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്കാണ് ഇവരെ കയറ്റിവിട്ടതെന്ന് നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
മെക്സിക്കോയുടെ അതിര്‍ത്തികളിലൂടെ അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കുന്നവരെ തടഞ്ഞില്ലെങ്കില്‍ മെക്സിക്കോയില്‍ നിന്നുള്ള മുഴുവന്‍ ഇറക്കുമതിക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിയെ തുടര്‍ന്നാണ് നടപടി. ഫെഡറല്‍ മൈഗ്രേഷന്‍ ഏജന്‍റുമാരും നാഷണല്‍ ഗാര്‍ഡിലെ അംഗങ്ങളും വെരാക്രൂസിലെ അക്കായുകന്‍ മൈഗ്രേഷന്‍ സ്റ്റേഷനില്‍ എത്തിയാണ് നാടുകടത്തേണ്ടവരുടെ തിരിച്ചറിയലും തുടര്‍ന്നുള്ള കൈമാറ്റവും നടത്തിയത്.