വാഷിങ്ടൺ: കൊവിഡിനെ തുടർന്ന് 2020ൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഇന്ത്യയിലെ സ്ത്രീകളുടെ പോഷകാഹാരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് യുഎസിലെ ഗവേഷകരുടെ പഠനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച്, ബിഹാറിലെ മുങ്കർ, ഒഡിഷയിലെ കാന്ധമൽ, കാലഹണ്ടി എന്നീ ജില്ലകളിൽ ടാറ്റാ-കോർണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രികൾച്ചർ ആൻഡ് ന്യൂട്രിഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
2019 മെയ് മാസത്തെ അപേക്ഷിച്ച് 2020 മെയ് മാസത്തിൽ സ്ത്രീകളുടെ ഭക്ഷണ വൈവിധ്യത്തിലും ഗാർഹിക ഭക്ഷ്യച്ചെലവിലും കുറവുണ്ടായതായി പഠനം പറയുന്നു. മാംസം, മുട്ട, പച്ചക്കറി, പഴങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് പ്രധാനമായി ദൗർലഭ്യം നേരിട്ടത്.
ആനുകൂല്യം ലഭിച്ചിട്ടും സ്ത്രീകൾക്ക് പോഷകാഹാര ദൗർലഭ്യം
പ്രത്യേക പൊതുവിതരണ സംവിധാനം വഴിയുള്ള ആനുകൂല്യം 80 ശതമാനം ആൾക്കാരിലേക്കും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം 50 ശതമാനം ആൾക്കാരിലേക്കും അംഗൻവാടികളിൽ നിന്നുള്ള റേഷൻ 30 ശതമാനം ആൾക്കാരിലേക്കും എത്തിയിട്ടും സ്ത്രീകൾക്ക് ലോക്ക് ഡൗൺ കാലയളവിൽ പോഷകാഹാര ദൗർലഭ്യം നേരിടേണ്ടി വന്നുവെന്ന് എക്കണോമിയ പൊളിറ്റിക്ക ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സാമ്പത്തിക വളർച്ചയിൽ സ്ത്രീകളുടെ അനുപാതമില്ലായ്‌മ, പ്രധാന ധാന്യ കേന്ദ്രീകൃത സുരക്ഷ പദ്ധതിയുടെ സ്വാധീനം, വൈവിധ്യമാർന്ന പോഷകാഹാരങ്ങളുടെ ലഭ്യതയുള്ള വിപണികളുടെ കുറവ് എന്നിവയുടെ തെളിവാണ് പഠനം എന്നും ജേർണലിൽ പറയുന്നു.
സ്ഥിതി വഷളാക്കി കൊവിഡ്
കൊവിഡിന് മുൻപുതന്നെ സ്ത്രീകളുടെ ഭക്ഷണക്രമത്തിൽ വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെ അഭാവം ഉണ്ടായിരുന്നുവെന്നും കൊവിഡ് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും പഠനത്തിൽ പങ്കെടുത്ത ടാറ്റാ-കോർണൽ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് എക്കണോമിസ്റ്റ് സൗമ്യ ഗുപ്ത പറയുന്നു. സൗമ്യക്കൊപ്പം ടിസിഐ ഡയറ്കടർ പ്രഭു പിങ്കളി, അസിസ്റ്റന്‍റ് ഡയറക്ടർ മാത്യു എബ്രഹാം, കൺസൾട്ടന്‍റ് പായൽ സേത്ത് എന്നിവർ ചേർന്നാണ് പഠനം പൂർത്തിയാക്കിയത്.
സുരക്ഷ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിലൂടെ സ്ത്രീകളുടെ പോഷകാഹാരത്തെ ബാധിക്കുന്ന കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ അനുപാതം നയനിർമാതാക്കൾ തിരിച്ചറിയണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു.