വാഷിംങ്ടണ്‍: അമേരിക്കയിലെ പ്രസിദ്ധ അഭിഭാഷകന്‍ കെന്നത് സ്‌റ്റാര്‍ ഇംപീച്ച്മെന്‍റ് നടപടി നേരിടുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആഭിഭാഷക സംഘത്തിന്‍റെ ഭാഗമായി. ഇനി കെന്നത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ട്രംപിനെതിരായ ആരോപണങ്ങള്‍ക്ക് കോടതിയില്‍ മറുപടി നല്‍കുക. 1990ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിനെ ഇംപീച്ച് ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അഭിഭാഷകനാണ് കെന്നത് സ്‌റ്റാര്‍.
അലന്‍ ഡെര്‍ഷോവിറ്റ്‌സ്, ബില്‍ ക്ലിന്‍റെന്‍റെ അഭിഭാഷക സംഘത്തിലുണ്ടായിരുന്ന റോബര്‍ട്ട് റെ എന്നിവരും ട്രംപിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ജനുവരി 21 ന് അമേരിക്കന്‍ സെനറ്റില്‍ ആരംഭിക്കുന്ന വാദപ്രതിവാദത്തില്‍ അലന്‍ ഡെര്‍ഷോവിറ്റ്‌സ് പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ഉത്തവാദിത്തമെന്ന് ട്രംപിനൊപ്പം ചേര്‍ന്ന അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു.
ട്രംപിനെതിരായ ഇംപീച്ച് നടപടികള്‍ സെനറ്റില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് നടപടി നേരിടുന്നത്. സെനറ്റില്‍ മൂന്നില്‍ രണ്ട് പേരുടെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്മെന്‍റ് നടപ്പാവുകയുള്ളു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്. 98 ആംഗങ്ങളുള്ള സെനറ്റില്‍ 53 പേര്‍ ട്രംപിന്‍റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിന്‍റെ ഭാഗമാണ്. 45 പേരാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പമുള്ളത്. ഇംപീച്ച്‌മെന്‍റ് പ്രമേയത്തെ 67 പേര്‍ അനുകൂലിക്കുകയാണെങ്കില്‍ ട്രംപിന് സ്ഥാനമൊഴിയേണ്ടിവരും.