വാഷിങ്‌ടണ്‍: യുഎസ് ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ പൊലീസുകാരന്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ക്യാപിറ്റോളിനെയും അമേരിക്കന്‍ ജനതയ്ക്കായി അവിടെ ജോലിചെയ്യുന്നവരെയും സംരക്ഷിക്കാനായി അദ്ദേഹം വലിയ ത്യാഗം ചെയ്‌തുവെന്ന് കമല ഹാരിസ് പറഞ്ഞു. പൊലീസുകാരനായ വില്യം ഇവാന്‍സാണ് മരിച്ചത്. ആക്രമണത്തില്‍ മറ്റൊരു പൊലീസുകാരനും പരിക്കേറ്റു.
ഇന്നലെയാണ് ക്യാപിറ്റോള്‍ പരിസരത്തെ സെക്യൂരിറ്റി ബാരിക്കേഡിന് സമീപം അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റുകയും പൊലീസുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് സേനാംഗങ്ങളുടെ വെടിയേറ്റ് പ്രതി മരിച്ചു. ഇവാന്‍സും കുടുംബവും അദ്ദേഹത്തെ അറിയുന്നവരുമെല്ലാം ഞങ്ങളുടെ ഹൃദയത്തിലും പ്രാര്‍ഥനയിലുമുണ്ടെന്നും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും കമല ഹാരിസ് പ്രസ്‌താവനയില്‍ പറയുന്നു. ക്യാപിറ്റോള്‍ പൊലീസ്, നാഷണല്‍ ഗാര്‍ഡ് ഇമ്മിഡീയേറ്റ് റെസ്‌പോണ്‍സ് ഫോഴ്‌സ് തുടങ്ങി കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ അടിയന്തര നടപടി സ്വീകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കമല ഹാരിസ് പറഞ്ഞു.
വില്യം ഇവാന്‍സിന്‍റെ മരണത്തില്‍ അനുശോചിച്ച് വൈറ്റ് ഹൗസിലെ പതാക താഴ്‌ത്തി കെട്ടിയിരുന്നു. മരണത്തില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യയും നേരത്തെ അനുശോചനമറിയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ക്യാപിറ്റോള്‍ പരിസരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ഇന്ത്യാനയില്‍ നിന്നുള്ള ഇരുപത്തഞ്ചുകാരനായ നോവ ഗ്രീന്‍ എന്നയാളാണെന്ന് ഫെഡറല്‍ ലോ ആന്‍റ് എന്‍ഫോഴ്‌സ്‌മെന്‍റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. വില്യം ഇവാന്‍സിന്‍റെ മരണത്തില്‍ യുഎസ് ക്യാപിറ്റോള്‍ പൊലീസ് ഉന്നതോദ്യോഗസ്ഥരും അനുശോചനം രേഖപ്പെടുത്തി.