ന്യൂയോർക്ക് : അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്‌സ്റ്റെയ്‌ന് ലൈംഗിക ചൂഷണത്തിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ച് നൽകിയ സംഭവത്തില്‍ ബ്രിട്ടീഷ് സോഷ്യലൈറ്റ് ഗിസ്ലെയ്ൻ മാക്‌സ്‌വെലിനെതിരായ കേസില്‍ പുതിയ വിചാരണ.
കേസില്‍ പുതിയ വിചാരണ ജൂലൈ 28ന് ആരംഭിക്കുമെന്ന് യുഎസ് ജില്ലാ ജഡ്ജി അലിസൺ ജെ നഥാന്‍ പ്രഖ്യാപിച്ചു. ഒരു മാസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം ഗിസ്ലെയ്ൻ കുറ്റക്കാരിയാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു.
എന്നാല്‍ കുട്ടിക്കാലത്ത് താനും പീഡനത്തിന് ഇരയായിരുന്നുവെന്ന് വിധികര്‍ത്താക്കളുടെ സമിതിയിലിലെ അംഗങ്ങളോട് പറഞ്ഞിരുന്നുവെന്ന് ഒരംഗം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നലെയാണ് കേസില്‍ പുനര്‍വിചാരണ വേണമെന്ന് പ്രതിഭാഗം അഭിഭാഷകർ അവശ്യപ്പെട്ടത്.
കൗമാരത്തില്‍ തങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി 4 സ്ത്രീകള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവത്തില്‍ അന്വേഷണമുണ്ടായത്. 1990കളിലും 2000ത്തിന്‍റെ തുടക്കത്തിലും ഫ്ലോറിഡ, ന്യൂയോർക്ക്, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ എപ്‌സ്റ്റെയ്ന്‍റെ വസതികളിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ എപ്‌സ്റ്റെയിനിന്‍റെ ലൈംഗിക പീഡനങ്ങളിലൊന്നും തനിക്ക് പങ്കില്ലെന്നാണ് 66കാരിയായ മാക്‌സ്‌വെല്ലിന്‍റെ വാദം. നേരത്തെ അറസ്റ്റിലായ അവര്‍ ഇപ്പോഴും ജയിലിലാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പ്രേരിപ്പിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ലക്ഷ്യത്തോടെ കടത്തി തുടങ്ങിയ കുറ്റങ്ങളാണ് മാക്‌സ്‌വെല്ലിനെതിരെ ചുമത്തിയത്.
ഏതാണ്ട് 65 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്ന് നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കേസില്‍ വിചാരണ കാത്ത് കഴിയവെ 2019 ഓഗസ്റ്റ് പത്തിന് ന്യൂയോർക്കിലെ ജയിലില്‍ ജെഫ്രി എപ്‌സ്റ്റെയ്‌ൻ ആത്മഹത്യ ചെയ്‌തിരുന്നു.