വാഷിങ്‌ടൺ: അഫ്‌ഗാനിസ്ഥാനിലെ യുഎസ് സൈനികരെ ആക്രമിക്കുകയോ അവരുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്‌താൽ ശക്തമായി തിരിച്ചടിക്കുമെന്ന് താലിബാന് ബൈഡന്‍റെ താക്കീത്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്ന പ്രവർത്തനങ്ങളിൽ താലിബാൻ ഇടപെടുകയാണെങ്കിൽ പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
അഫ്‌ഗാനിലെ യുഎസ് പൗരന്മാരെയും സഖ്യകക്ഷികളെയും സുരക്ഷിതമായും കഴിയുന്നത്ര വേഗത്തിലും തിരിച്ചെത്തിക്കുക എന്നതാണ് ഇപ്പോഴുള്ള ദൗത്യം. അതിനായി ആവശ്യമെങ്കിൽ ശക്തമായ പ്രതിരോധവും നടത്തും. എന്തു വില കൊടുത്തും അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
സൈനികരെ പിൻവലിക്കുക എന്ന ദൗത്യം പൂർത്തിയാക്കി കഴിഞ്ഞാൽ അമേരിക്കയുടെ നീണ്ട 20 വർഷത്തെ യുദ്ധം അവസാനിപ്പിക്കുമെന്ന് ബൈഡൻ അറിയിച്ചു. അഫ്‌ഗാനിലെ നിലവിലെ സ്ഥിതി നിരാശാജനകമാണ്. ഒരു സൈനിക ശക്തിക്കും സുസ്ഥിരവും സുരക്ഷിതവുമായ അഫ്‌ഗാനിസ്ഥാനെ നിർമിക്കാൻ കഴിയില്ല എന്നതിനുള്ള തെളിവാണിത്.
ഭാവിയിൽ അഫ്‌ഗാനിൽ താൻ മാറ്റങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് അമേരിക്കൻ ജനതയെ തെറ്റിദ്ധരിപ്പിക്കുകയില്ല. അതേസമയം നിലവിലെ സ്ഥിതിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയുമില്ല. അഫ്‌ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥ ദൗർഭാഗ്യകരമാണ്. എന്നാൽ ഇനിയും അമേരിക്കൻ പൗരരുടെ ജീവൻ നഷ്‌ടമാകരുതെന്നും അതിനാൽ സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.