വാഷിങ്‌ടൺ : സ്വേഛാധിപതികള്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന്, യുക്രൈന്‍ ആക്രമണത്തില്‍ നിന്ന് പിന്‍തിരിയാത്ത റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനെ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. അനന്തരഫലങ്ങള്‍ ഓര്‍ക്കാതെയുള്ള റഷ്യയുടെ യുക്രൈന്‍ ആക്രമണം അംഗീകരിക്കാനാകില്ല. റഷ്യ കൂടുതല്‍ കുഴപ്പങ്ങൾ ഉണ്ടാക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
ആദ്യ സ്റ്റേറ്റ് ഓഫ് യൂണിയൻ അഭിസംബോധന നടക്കാനിരിക്കെ വൈറ്റ് ഹൗസ് പുറത്തുവിട്ട ബൈഡന്‍റെ പ്രസംഗ ഭാഗങ്ങളിലാണ് റഷ്യയ്ക്കും പുടിനുമെതിരെ കടുത്ത പരാമര്‍ശങ്ങളുള്ളത്.
ALSO READ: കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; ടിവി ടവര്‍ തകര്‍ത്തു, അഞ്ച് മരണം
പുടിന്‍റെ യുദ്ധം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതും പ്രകോപനപരവുമാണ്. നാറ്റോയും പടിഞ്ഞാറന്‍ രാജ്യങ്ങളും ഇതിനെതിരെ പ്രതികരിക്കില്ലെന്ന് അദ്ദേഹം കരുതി. രാജ്യങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്താമെന്നാണ് അദ്ദേഹം വിചാരിച്ചത്. എന്നാല്‍ പുടിന് തെറ്റുപറ്റി. നമ്മള്‍ ഒരുങ്ങിത്തന്നെയായിരുന്നു.
പ്രശ്‌നപരിഹാരത്തിനുള്ള നയതന്ത്ര സാധ്യതകള്‍ അദ്ദേഹം അവഗണിച്ചു. സ്വേച്ഛാധിപതികൾ അവരുടെ ആക്രമണങ്ങള്‍ക്ക് ഒരു വിലയും നൽകാത്തതിന്‍റെ പാഠം ചരിത്രത്തില്‍ നിന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും - ബൈഡന്‍ പറഞ്ഞു.