വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക ഇടപെടലിനിടെ പോളണ്ട് സന്ദർശിക്കാനൊരുങ്ങി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. വെള്ളിയാഴ്ചയാണ് ബൈഡന്‍ യുക്രൈനിന്‍റെ അയല്‍രാജ്യവും നാറ്റോ സഖ്യകക്ഷിയുമായ പോളണ്ടില്‍ സന്ദര്‍ശനം നടത്തുക. വ്യാഴാഴ്ച (24.03.2022) ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ബൈഡന്‍റെ യൂറോപ്യന്‍ സന്ദര്‍ശനം. യുക്രൈനിന് പിന്തുണ നല്‍കലും റഷ്യന്‍ ഭീഷണി കണക്കിലെടുത്ത് നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കലുമാണ് നാറ്റോ ഉച്ചകോടിയുടെ പ്രധാന അജണ്ടകളെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു.
പോളണ്ട് സന്ദർശനത്തിന് വലിയ പ്രാധാന്യം
റഷ്യൻ ആക്രമണത്തെ തുടർന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇപ്പോള്‍ യൂറോപ്പില്‍ ഉണ്ടായിരിക്കുന്നത്. യുദ്ധത്തില്‍ നിന്ന് രക്ഷതേടിയവരില്‍ ഭൂരിഭാഗവും അഭയം തേടിയിരിക്കുന്നത് പോളണ്ടിലാണ്. റഷ്യന്‍ ആക്രമണം തടയുന്നതിന് നാറ്റോ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് വാദിക്കുന്നതിനൊപ്പം യുക്രൈനുള്ള നാറ്റോയുടെ പരോക്ഷമായ സൈനിക സഹായങ്ങള്‍ നടപ്പാക്കുന്നതില്‍ ഏറെ പ്രാധാന്യമുള്ള രാജ്യം കൂടിയാണ് പോളണ്ട്.
ഈ സാഹചര്യത്തിലാണ് ജോ ബൈഡന്‍റെ സന്ദർശനം. പോളണ്ട് തലസ്ഥാനമായ വാഴ്‌സയില്‍ വച്ച് പ്രസിഡന്‍റ് ആന്‍ഡ്രേഡൂഡെയുമായി ബൈഡൻ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍പെസ്‌കി പറഞ്ഞു. റഷ്യയുടെ ന്യായികരിക്കാന്‍ സാധിക്കാത്തതും യാതൊരു പ്രകോപനം കൂടാതെയുമുള്ള യുക്രൈനിലെ അധിനിവേശത്തെ തുടര്‍ന്നുണ്ടായ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ അമേരിക്കയും അംഗരാജ്യങ്ങളും സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ചയില്‍ വിലയിരുത്തുമെന്ന് ജെന്‍പെസ്‌കി പറഞ്ഞു.
നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി യുക്രൈന്‍ റഷ്യ യുദ്ധത്തെ പറ്റി യൂറോപ്യന്‍ നേതാക്കളുമായി ബൈഡന്‍ ഇന്ന് (21.03.2022) ചര്‍ച്ച നടത്തും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
റഷ്യയുമായി നേരിട്ടുള്ള പോരിന് നാറ്റോ തയ്യാറല്ല
അതേസമയം ബൈഡന് യുക്രൈന്‍ സന്ദര്‍ശിക്കാന്‍ പരിപാടിയില്ലെന്ന് വൈറ്റ്‌ഹൗസ് അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ഈ മാസം പോളണ്ട് സന്ദര്‍ശിച്ച വേളയില്‍ പോളണ്ടിന്‍റെ അതിര്‍ത്തി കടന്ന് യുക്രൈനില്‍ പ്രവേശിച്ചിരുന്നു. യുക്രൈനിയന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി ഒന്നിച്ചാണ് വളരെ കുറഞ്ഞ സമയത്തേക്ക് യുക്രൈനില്‍ പ്രവേശിച്ചത്. യുക്രൈനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായിരുന്നു യുക്രൈനില്‍ കടന്നത്.
യുക്രൈനിന് എതിരായ റഷ്യന്‍ ആക്രമണം യുഎസും നാറ്റോ അംഗരാജ്യങ്ങളും തമ്മിലുള്ള യോജിപ്പ് കൂടുതല്‍ ദൃഢമാക്കിയിരിക്കുകയാണ്. റഷ്യന്‍ സൈനിക നടപടി തങ്ങളുടെ സുരക്ഷയ്ക്കും തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്കും ഭീഷണിയായാണ് നാറ്റോ അംഗരാജ്യങ്ങള്‍ കാണുന്നത്. യുഎസ് അടക്കമുള്ള നാറ്റോ അംഗരാജ്യങ്ങള്‍ യുക്രൈനിന് ആയുധങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാനില്ല എന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്.
നാറ്റോ യുക്രൈനിന് മിഗ് യുദ്ധവിമാനങ്ങള്‍ കൈമാറണമെന്ന പോളണ്ടിന്‍റെ നിര്‍ദേശം അമേരിക്ക തള്ളിയിരുന്നു. റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ ഉതകുന്ന ആയുധങ്ങള്‍ യുക്രൈനിന് കൈമാറുമെന്നും എന്നാല്‍ മിഗ് യുദ്ധവിമാനങ്ങള്‍ കൈമാറുന്നത് യുദ്ധം കൂടുതല്‍ വിപുലമാകുന്നതിലേക്ക് വഴിവെക്കുമെന്നുമായിരുന്നു അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രതികരണം. കൂടുതല്‍ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ ആയുധങ്ങളും യുക്രൈന്‍ സൈന്യത്തിന് അമേരിക്ക നല്‍കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് അഭ്യര്‍ഥിച്ചിരുന്നു.
സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ ആക്രമണം കടുപ്പിച്ചതായി ആരോപണം
യുക്രൈനില്‍ നോഫ്ലൈസോണ്‍ പ്രഖ്യാപിക്കണമെന്ന സെലന്‍സ്‌കിയുടെ ആവശ്യവും യുഎസും നാറ്റോയും തള്ളിയിരുന്നു. നോഫ്ലൈസോണ്‍ പ്രഖ്യാപിച്ചാല്‍ റഷ്യയുടെ യുദ്ധവിമാനങ്ങള്‍ നാറ്റോ വെടിവെച്ചിടേണ്ടിവരും. നോഫ്ലൈസോണ്‍ പ്രഖ്യാപിക്കുന്നത് റഷ്യയുമായി നാറ്റോ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പോകുന്നതിലേക്കാണ് നയിക്കുക. യുക്രൈനിയന്‍ തലസ്ഥാനമായ കീവിലേക്ക് കടന്ന് യുക്രൈനിലെ പാശ്ചാത്യ അനുകൂല സര്‍ക്കാറിനെ പുറത്താക്കികൊണ്ട് റഷ്യന്‍ അനുകൂല സര്‍ക്കാറിനെ പ്രതിഷ്ടിക്കുകയായിരുന്നു ഈ കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച റഷ്യന്‍ സൈനിക നടപടിയുടെ ലക്ഷ്യമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ പറയുന്നു.
എന്നാല്‍ യുക്രൈനിയന്‍ പ്രതിരോധം ഇതിന് വിഘാതം സൃഷ്ടിച്ചു. റഷ്യന്‍ സൈനിക മുന്നേറ്റത്തിന്‍റെ വേഗത കുറഞ്ഞു. തങ്ങളുടെ ലക്ഷ്യം വിചാരിച്ച വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ റഷ്യന്‍ സൈന്യം ചെച്‌നിയയിലും സിറിയയിലും ചെയ്‌തതുപോലെ സിവിലിയന്‍ കേന്ദ്രങ്ങളിലടക്കം വ്യോമാക്രമണവും പീരങ്കിയാക്രമണവും നടത്തുകയാണെന്നും പാശ്ചാത്യ നിരീക്ഷകര്‍ പറയുന്നു.
ALSO READ: റഷ്യയുമായി ചർച്ചക്ക് തയാർ, പരാജയപ്പെട്ടാൻ മൂന്നാം ലോക മഹായുദ്ധത്തിന്‍റെ തുടക്കമാകും: സെലെൻസ്‌കി