ന്യൂയോര്‍ക്ക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിയുമെന്ന് കമ്പനി. 2021ന്‍റെ മൂന്നാം പാദത്തിൽ ബെസോസ് എക്സിക്യൂട്ടീവ് ചെയർമാനായി മാറുമെന്നാണ് റിപ്പോർട്ട്. ആമസോണ്‍ സ്ഥാപിച്ചിട്ട് 27 വർഷങ്ങൾ ശേഷമാണ് കമ്പനിയുടെ തലപ്പത്തുനിന്ന് ജെഫ് ബെസോസ് ഒഴിവാകുന്നത്. ആമസോൺ വെബ് സർവീസസ് സിഇഒ ആൻഡി ജാസി ആമസോൺ സിഇഒ ആയി ചുമതലയേൽക്കും.
2020 ഡിസംബർ 31 ന് അവസാനിച്ച നാലാം പാദത്തിന്‍റെ റിപ്പോര്‍ട്ടിലാണ് കമ്പനി പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. 2020ലെ അവസാന മൂന്ന് മാസങ്ങളിൽ 100 ബില്യൺ യുഎസ് ഡോളറിന്‍റെ വിൽപ്പനയാണ് കമ്പനി നടത്തിയത്. അതിശയകരമായ ഒരു കണ്ടുപിടുത്തം, ഇന്ന് ജനങ്ങള്‍ക്ക് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. എനിക്ക് ഏറെ അഭിമാനമുള്ള കാര്യമാണിത്. ജനങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ഈ കമ്പനിയുടെ സ്ഥാപകൻ എന്ന നിലയില്‍ ഞാൻ അഭിമാനിക്കുന്നു. ഇപ്പോള്‍ കമ്പനിയുണ്ടാക്കിയിരിക്കുന്ന സാമ്പത്തിക നേട്ടം. ഭാവിയിലേക്കുള്ള ശുഭസൂചനയാണെന്ന് ജെഫ് ബെസോസ് പറഞ്ഞു. 1994 സ്ഥാപിച്ച കമ്പനിയുടെ പ്രധാന ചുമതലകളില്‍ നിന്ന് ഘട്ടം ഘട്ടമായി ബെസോസ് പിൻമാറാൻ ആരംഭിച്ചിട്ട് ഏറെ നാളുകളായി.