വാഷിങ്ടൻ: നൊബേൽ സമാധാന പുരസ്കാരത്തിനു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ തന്നെ നാമനിർദേശം ചെയ്തിരുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയയുമായി നടത്തിയ സമാധാനനീക്കങ്ങളുടെ പേരിലാണിതെന്നും വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടു ട്രംപ് പറഞ്ഞു. അതേസമയം, യുഎസ് സർക്കാരിൻ്റെ ആവശ്യപ്രകാരമാണു ജപ്പാൻ പ്രധാനമന്ത്രി ട്രംപിനെ നിർദേശിച്ചതെന്നു സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ജപ്പാനിലെ പ്രമുഖ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
നൊബേലിനു നിർദേശിച്ചതായി അറിയിച്ച് ആബെ അഞ്ച് പേജുള്ള മനോഹരമായ കത്ത് അയച്ചിരുന്നതായും താൻ നന്ദി അറിയിച്ചതായും ട്രംപ് വെളിപ്പെടുത്തി. ‘നൊബേൽ എനിക്ക് ഒരിക്കലും ലഭിക്കാനിടയില്ല. അവർ അത് ഒബാമയ്ക്കു നൽകി. എന്തിനാണ് കിട്ടിയതെന്ന് അദ്ദേഹത്തിനുപോലും അറിയില്ല’ , ട്രംപ് പറഞ്ഞു. നല്ല കാര്യങ്ങൾ ഒരുപാടു ചെയ്യുന്നുണ്ടെങ്കിലും തൻ്റെ ഭരണകൂടത്തിന് അതിനുള്ള അംഗീകാരം ലഭിക്കുന്നില്ലെന്നാണു ട്രംപിൻ്റെ പരാതി.
നൊബേൽ ഫൗണ്ടേഷൻ വ്യവസ്ഥ പ്രകാരം, രാഷ്ട്രത്തലവൻമാർക്കും നാമനിർദേശം നടത്താം. എന്നാൽ, ഫലം കാണാത്ത നാമനിർദേശങ്ങളുടെ വിവരം 50 വർഷത്തേക്കു നൊബേൽ സമിതി പുറത്തുവിടാറില്ല.