വാഷിങ്ടൺ: ദീർഘകാല വിസ താൽക്കാലികമായി നിർത്തിവച്ചതിനെ തുടര്‍ന്നുള്ള ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകളുടെ ആശങ്കകളില്‍ ഇന്ത്യൻ സര്‍ക്കാര്‍ ഉടൻ തീരുമാനമെടുക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കൊവിഡ് 19 വ്യാപനത്തെക്കുറിച്ച് അമേരിക്കയിലെ ഇന്ത്യക്കാരുമായി നടത്തിയ വെർച്വൽ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനും (എഫ്ഐഎ) ബിഹാർ -ജാർഖണ്ഡ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.
ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രാ വിലക്ക് നിലനില്‍ക്കുന്നിടത്തോളം ഒസിഐ കാര്‍ഡ് ഉടമകൾക്ക് രാജ്യത്തേക്ക് വരാനാവില്ല. ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഉചിതമായ തീരുമാനം അദ്ദേഹം ഉടൻ എടുക്കുമെന്നും വി.മുരളീധരൻ പറഞ്ഞു. ദീർഘകാല വിസ താൽക്കാലികമായി യുഎസ് നിർത്തിവച്ചതിനാൽ അടിയന്തര ആവശ്യങ്ങൾക്ക് പോലും ഒസിഐ കാര്‍ഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയുന്നില്ല. ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നതായും വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കറും ആഭ്യന്തരമന്ത്രി അമിത് ഷായുമുൾപ്പെടെയുള്ള ഇന്ത്യയുടെ ഉന്നത നേതൃത്വം ഈ വിഷയത്തെക്കുറിച്ച് ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചും വി.മുരളീധരൻ പ്രവാസികളോട് സംസാരിച്ചു. ഇന്ത്യയില്‍ ഒരിക്കലും ഇത്തരമൊരു സാമ്പത്തിക പരിഷ്‌കരണം ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ പ്രവാസികൾക്ക് രാജ്യത്ത് നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.