വാഷിംഗ്‌ടണ്‍: കൊവിഡിനെതിരെ ആന്‍റി വൈറല്‍ ഡ്രഗ്‌സുമായി ഇന്തോ അമേരിക്കന്‍ ശാസ്‌ത്രജ്ഞനടങ്ങുന്ന സംഘം. റെംഡിസിവയര്‍, 5 ഫ്ലൂറോയുറാസില്‍, റിബാവിറിന്‍ ,ഫാവിപിറാവിര്‍ എന്നീ നാല് ആന്‍റി വൈറല്‍ ഡ്രഗുകളാണ് ഇന്തോ അമേരിക്കന്‍ ശാസ്‌ത്രജ്ഞനായ കമലേന്ദ്ര സിങിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. വൈറസിന്‍റെ വിഘടനം തടയുകയാണ് ഈ മരുന്നുകള്‍ ചെയ്യുന്നത്. യുഎസിലെ മിസൗറി സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് മരുന്നുകള്‍ കണ്ടെത്തിയത്. ജേണല്‍ ഓഫ് പാത്തോജനില്‍ ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൊവിഡ് വൈറസിന്‍റെ ആര്‍എന്‍എ പ്രോട്ടീനുകളുടെ ജീനോമിക് പകര്‍പ്പുകള്‍ ഉണ്ടാക്കുന്നതില്‍ നിന്നും നാല് മരുന്നുകളും ഫലപ്രദമായി തടയുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ എല്ലാ വൈറസുകളെയും പോലെ കൊവിഡ് വൈറസും ആന്‍റിവൈറല്‍ മരുന്നുകളോട് പ്രതിരോധം നേടാന്‍ സാധ്യതയുണ്ടെന്നും കമലേന്ദ്ര സിങ് പറയുന്നു. ഇതിനായി കൂടുതല്‍ പരിശോധനകള്‍ തുടരണമെന്നും കൊവിഡ് ചികില്‍സയ്‌ക്ക് വിവിധ മാര്‍ഗങ്ങള്‍ നല്‍കി ഡോക്‌ടര്‍മാരെ സഹായിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കമലേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് ഗുരുതരമായ രോഗികളില്‍ ചികില്‍സിക്കാനായി ആന്‍റി വൈറല്‍ മരുന്നായ റെംഡിസിവയര്‍ ഉപയോഗിച്ചു തുടങ്ങാന്‍ അമേരിക്കയ്‌ക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ ആഴ്‌ച യുഎസ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ റെംഡിസിവയര്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്‌ച വരെ യുഎസില്‍ 1,180,634 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 68,934 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.