വാഷിങ്ടണ്‍: മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളര്‍ത്തച്ഛൻ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം തടവ്. 2017 ഒക്ടോബറിലാണ് ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടത്. വെസ്‍ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. ഡാലസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദത്തെടുത്ത കുട്ടിയെ കൊല ചെയ‌്ത‌് ശരീരം ഡാലസിലെ കലുങ്കിൽ ഉപേക്ഷിച്ചതാണ‌് കേസ‌്.
മലയാളി ദമ്പതിമാരായ വെസ്‍ലി മാത്യൂസിന്‍റെയും സിനി മാത്യൂസിന്‍റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2016ൽ ബിഹാറിലെ അനാഥാലയത്തിൽ നിന്നാണ‌് കുഞ്ഞിനെ ദത്തെടുത്തത‌്. 2017 ഒക്ടോബര്‍ ഏഴിനാണ് ടെക്സസിലെ റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്ന് കാട്ടി വെസ്‍ലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കുശേഷം വീടിന്‍റെ അരക്കിലോമീറ്റര്‍ അകലെയുള്ള കലുങ്കിൽ നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. കുട്ടിക്ക് പാല് കൊടുക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വെസ്ലി കോടതിയില്‍ പറഞ്ഞത്. കുട്ടി ചില മാനസിക അസ്വാസ്ഥ്യത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതോടെ പ്രതികൾക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടർന്ന് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ വളർത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.