വാഷിങ്ടണ്‍: പുതിയ കാലത്ത് അവയവ ദാനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പല സമയങ്ങളിലും മനുഷ്യമനസാക്ഷിയെ അതിശയിപ്പിച്ചുകൊണ്ട് അവയവ കൈമാറ്റം നടത്തുന്നത് വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. അവയവ ദാനത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യന്‍ അമേരിക്കന്‍ സംരഭകന്‍റെ യാത്ര ലോക ശ്രദ്ധ നേടുന്നു.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി തന്‍റെ സ്വന്തം വൃക്ക ദാനം ചെയ്തതിന് ശേഷമാണ് അനില്‍ ശ്രീവാസ്തവ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതാണ് എടുത്തുപറയേണ്ട കാര്യം. സ്വന്തം സഹോദരന് വേണ്ടിയാണ് അനില്‍ വൃക്ക ദാനം ചെയ്തത്. അന്ന് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് പിന്നീട് അവയവദാന അവബോധത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കാരണമായത്.
അനിലിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ വ്യക്തിപരമായി അറിയാവുന്ന ആള്‍ക്കോ അല്ലെങ്കില്‍ അവയവം ആവശ്യമുള്ള ഒരു അപരിചിതനോ ആയാലും അയാളോടുള്ള സ്നേഹമാണ് അവയവം ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ പ്രകടമാക്കുന്നത്. 43 രാജ്യങ്ങളില്‍ കാറില്‍ സഞ്ചരിച്ച് തന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനില്‍ ചെയ്യുന്നത്. 400 ദിവസങ്ങളാണ് ഇതിനായി എടുത്തത്.
സ്കൂളുകൾ, കോളജുകൾ, റോട്ടറി ക്ലബ്ബുകൾ, കമ്മ്യൂണിറ്റി സെന്‍ററുകൾ, ഓഫീസുകൾ തുടങ്ങി ആളുകള്‍ ഒരുമിച്ച് കൂടുന്ന എല്ലാ സ്ഥലത്തും അദ്ദേഹത്തിന്‍റെ സാന്നിധ്യം കാണാം. ഇവിടങ്ങളില്‍ നടത്തിയ നൂറുകണക്കിന് പ്രസംഗങ്ങളില്‍ വൃക്കദാനവുമായി ബന്ധപ്പെട്ടും അതില്‍ നേരിടേണ്ടിവരുന്ന നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചുമൊക്കെയാണ് പരാമര്‍ശിക്കുന്നത്. റേഡിയോ ടോക്ക് ഷോയുടെ അവതാരകനായിരുന്നു അനില്‍.