ന്യൂയോർക്ക്: വർധിച്ചുവരുന്ന റഷ്യ-യുക്രൈൻ സംഘർഷാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, വിഷയത്തിൽ പരസ്‌പര സൗഹാർദപരമായ പരിഹാരം ഉറപ്പാക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും നയതന്ത്ര ശ്രമം ശക്തമാക്കണമെന്നും അഭ്യർഥിച്ചു.
വിഘടിത പ്രദേശങ്ങളായ ഡൊനെട്‌സ്‌ക്, ലുഹാൻസ്‌ക് എന്നിവിടങ്ങളുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിച്ച പശ്ചാത്തലത്തിലാണ് യുഎൻ രക്ഷ സമിതിയിൽ (UNSC) ഇന്ത്യ പ്രസ്‌താവന നടത്തിയത്. വിഘടനവാദികളുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിച്ചത് സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഎൻ സുരക്ഷ സമിതിയുടെ അടിയന്തര യോഗം ചേരണമെന്ന് അമേരിക്കയും സഖ്യകക്ഷികളും അഭ്യർഥിച്ചിരുന്നു.
യുക്രൈനിലെ സംഭവവികാസങ്ങളെക്കുറിച്ച് യുഎൻഎസ്‌സി ബ്രീഫിങിൽ സംസാരിച്ച യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി, യുക്രൈൻ അതിർത്തിയിലെ റഷ്യൻ ഫെഡറേഷനുമായുള്ള സംഘർഷം രൂക്ഷമാകുന്നത് മേഖലയുടെ സമാധാനവും സുരക്ഷയും തകർക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. എല്ലാ കക്ഷികളോടും സംയമനം പാലിക്കണെമന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷ താൽപര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് സംഘർഷം കുറയ്ക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. ഇതുവഴി മേഖലയിലും അതിനപ്പുറവും ദീർഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും തിരുമൂർത്തി വ്യക്തമാക്കി. നയതന്ത്ര ചർച്ചയിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നും ഇന്ത്യൻ പ്രതിനിധി ഊന്നിപ്പറഞ്ഞു.
READ MORE:യുക്രൈൻ പ്രതിസന്ധി: യുഎൻ സുരക്ഷ കൗൺസിൽ അടിയന്തര യോഗം ചേരും
നിലവിലുള്ള പിരിമുറുക്കങ്ങൾ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെയും നാം പരിഗണിക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിൽ, ട്രൈലാറ്ററൽ കോൺടാക്‌ട് ഗ്രൂപ്പിലൂടെയും നോർമാണ്ടി ഫോർമാറ്റിലൂടെയും ഉൾപ്പെടെ നടക്കുന്ന തീവ്രമായ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. വ്യത്യസ്‌ത താൽപര്യങ്ങൾ മറികടക്കുന്നതിനായി കൂടുതൽ ശ്രമങ്ങൾ നടത്താൻ തങ്ങൾക്ക് കൂടുതൽ കക്ഷികൾ ആവശ്യമാണ്. ഒരു സൈനിക വർധനവ് തങ്ങൾക്ക് താങ്ങാനാവില്ലെന്നും തിരുമൂർത്തി പറഞ്ഞു.
മിൻസ്‌ക് ഉടമ്പടികളുടെ പ്രാധാന്യം അടിവരയിട്ട് സംസാരിച്ച അദ്ദേഹം, പ്രധാനമായ സുരക്ഷാ, രാഷ്ട്രീയ വശങ്ങൾ ഉൾപ്പെടെ, ഉടമ്പടികളിലെ വ്യവസ്ഥകൾ സുഗമമാക്കുന്നതിന് പൊതുവായ അടിസ്ഥാനം കണ്ടെത്താൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും പറഞ്ഞു. സാധാരണക്കാരുടെ സുരക്ഷയും ഇന്ത്യക്ക് അനിവാര്യമാണെന്ന് തിരുമൂർത്തി ആവർത്തിച്ചു. ഇരുപതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർഥികളും പൗരന്മാരും അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ യുക്രൈന്‍റെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ പൗരരുടെ ക്ഷേമത്തിനാണ് രാജ്യം മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.