വാഷിങ്ടണ്‍: യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരായി നിലപാടുകള്‍ സ്വീകരിക്കുന്നതിന് ഇന്ത്യയ്ക്ക് ഒരു പാട് പരിമിതികള്‍ ഉണ്ടെന്ന് യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷന്‍ അതുല്‍ കേശപ് പറഞ്ഞു. യുഎസ് നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിന്‍റെ വിദേശകാര്യ കമ്മിറ്റി സംഘടിപ്പിച്ച ഇന്തോ-പെസഫിക് വിഷയത്തിലെ ഹിയറിങ്ങില്‍ കമ്മറ്റി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ട് യുഎന്നിലെ റഷ്യയ്‌ക്കെതിരായ പ്രമേയങ്ങളിന്‍ മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യവിട്ടു നില്‍ക്കുന്നു എന്നതായിരുന്നു ചോദ്യം.
ചൈനയുമായും പാകിസ്ഥാനുമായും ഇന്ത്യയ്ക്കുള്ള തര്‍ക്കങ്ങളും റഷ്യയ്‌ക്കെതിരെ നിലപാടുകള്‍ എടുക്കുന്നതിന് ഇന്ത്യയ്ക്ക് പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിയായ അതുല്‍ കേശപ് നിയമ നിര്‍മാണസഭ അംഗങ്ങളോട് വ്യക്തമാക്കി. ഏഷ്യയില്‍ ചൈന- പാക്കിസ്ഥാന്‍- റഷ്യ അച്ചുതണ്ട് ഉണ്ടാകുകയാണെങ്കില്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുക എന്നുള്ള കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇന്ത്യയുടെ ജനാധിപത്യവും വൈവിധ്യവും അമേരിക്കയെ ഇന്ത്യയുമായി അടുപ്പിക്കുന്ന ഘടകങ്ങളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സുഹൃത്തുക്കളെന്ന രീതിയില്‍ പരിഹരിക്കണമെന്നും അമേരിക്കയുടെ ഇന്ത്യയിലെ ചാര്‍ജ് ഡി അഫേയേഴ്സിന്‍റെ സ്ഥാനം കൂടി വഹിച്ച അതുല്‍ കേശപ് പറഞ്ഞു.
ഇന്ത്യയുടെ യഥാര്‍ഥ സുഹൃത്താണ് അമേരിക്ക എന്നുള്ളകാര്യം ഇന്ത്യന്‍ ജനങ്ങള്‍ക്കും സര്‍ക്കാറിനും അമേരിക്ക തെളിയിച്ചുകൊടുത്തതാണെന്നും അതുല്‍ കേശപ് പറഞ്ഞു. തുറന്ന ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ലെന്നും കമ്മറ്റി അംഗങ്ങളോട് അദ്ദേഹം പറഞ്ഞു. ക്വാഡ് കൂട്ടായ്മ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്ന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോ-പെസഫിക് മേഖലയിലെ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവരുടെ കൂട്ടായ്മയാണ് ക്വാഡ്. ചൈനയ്‌ക്കെതിരായ സംഖ്യമായാണ് ക്വാഡിനെ വീക്ഷിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയുമായുള്ള സൗഹൃദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമാണെന്നും അതുല്‍ കേശപ് പറഞ്ഞു.
ALSO READ: യുക്രൈനിൽ അഞ്ചിടങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ