ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരായ തർക്കത്തില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് മുൻ യുഎസ് ദേശീയ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞു. ചൈനയ്ക്ക് അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം കുറഞ്ഞ് വരികയാണ്. ദക്ഷിണ ചൈന കടലിലും കിഴക്കൻ മേഖലയിലും ജപ്പാനുമായും ഇന്ത്യയുമായും നേപ്പാളുമായും ചൈനയ്ക്ക് അതിർത്തി തർക്കമുണ്ടെന്ന് സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ബോൾട്ടൺ പറഞ്ഞു.
ഇന്ത്യ- ചൈന തർക്കത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് ട്രംപിന് പോലും അറിയില്ല. ഏത് രീതിയില്‍ ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അറിയില്ല. ചൈനയുടെ ഭൂമിശാസ്ത്രപരമായ ബന്ധങ്ങളെയെല്ലാം ട്രംപ് വ്യാപാര കണ്ണിലൂടെ മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബറിലെ തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് വീണ്ടും ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ ഏർപ്പെടും. യുഗങ്ങളായുള്ള ഇന്ത്യ ചൈന തർക്കത്തെക്കുറിച്ച് ട്രംപിന് യാതൊരുവിധ ധാരണയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണത്തിന്‍റെ കീഴില്‍ 2018 മുതല്‍ 2019 സെപ്റ്റംബർ വരെ യുഎസ് ദേശീയ ഉപദേഷ്ടാവായിരുന്നു ബോൾട്ടൺ.