വാഷിങ്‌ടണ്‍: ഇറാനെതിരെ സൈനിക നടപടികൾ സ്വീകരിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അധികാരം തടയുന്നതിനുള്ള പ്രമേയത്തിന് അമേരിക്കൻ ജനപ്രതിനിധി സഭ വ്യാഴാഴ്‌ച വോട്ടെടുപ്പ് നടത്തും. കഴിഞ്ഞയാഴ്‌ച ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പെന്‍റഗൺ ഉത്തരവിട്ട വ്യോമാക്രമണത്തിൽ ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടര്‍ന്ന് ഇറാഖിലെ രണ്ട് യുഎസ് സൈനികകേന്ദ്രങ്ങളില്‍ ഇറാനും ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രമേയം കൊണ്ടുവന്നത്. റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി എലിസ സ്ലോട്ട്‌കിന്‍റെ നേതൃത്വത്തിലാണ് പ്രമേയം കൊണ്ടുവന്നത്.
സുലൈമാനിയെ വധിച്ച അമേരിക്കന്‍ നടപടി പ്രകോപനപരവും യോജിക്കാന്‍ കഴിയാത്തതാണെന്നും യുഎസ് സ്‌പീക്കർ നാൻസി പെലോസി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സഭയെ അറിയിക്കാതെയുള്ള തീരുമാനങ്ങൾ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കും. സുലൈമാനി വധം അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റും അപകടത്തിലാക്കുമെന്നും പെലോസി അഭിപ്രായപ്പെട്ടു.
ട്രംപ് ഭരണകൂടം സഭയുമായി തീരുമാനിച്ച് അടിയന്തരവും ഫലപ്രദവുമായ ഡീ-എസ്‌കലേഷൻ തന്ത്രവുമായി മുന്നോട്ടുപോകണമെന്നും അമേരിക്ക് ഇനിയൊരു യുദ്ധം താങ്ങാനാകുന്നതല്ലെന്നും സ്‌പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ അമേരിക്കൻ താവളങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനെതിരെ കൂടുതല്‍ സാമ്പത്തിക വിലക്കുകൾ ചുമത്തുമെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെ ട്രംപ് അറിയിച്ചിരുന്നു. ആണവയുദ്ധങ്ങളോടുള്ള അഭിനിവേശവും ഭീകരതയോടുള്ള പിന്തുണയും ഇറാന്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.