ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. 17,49,956 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.01 കോടി കടന്നു. മരണസംഖ്യ 1.47 ലക്ഷം പിന്നിട്ടു.
നിലവിൽ ആകെ രോഗികളുടെ 2.86 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിലാണ്. ആകെ പരിശോധനകളുടെ എണ്ണം 16.5 കോടിയോടടുത്തു. രോഗമുക്തരുടെ എണ്ണം 96,63,382 ആയി. രോഗമുക്തി നിരക്ക് 95.69 ശതമാനമായി വർദ്ധിച്ചു. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസിൽ ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 3,37,066 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.
ബ്രസീലിൽ എഴുപത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,90,032 പേർ മരിച്ചു. അറുപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി. അതേസമയം ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാൻ മോഡേണ വാക്സിന് കഴിയുമെന്നും, ഇതിനുള്ള പരീക്ഷണം തുടങ്ങിയെന്നും വാക്സിൻ നിർമ്മാതാക്കൾ അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ പുതിയ വകഭേദം യു.കെയിലാണ് കണ്ടെത്തിയത്. മുമ്പ് കണ്ടെത്തിയ വൈറസിനേക്കാളും 70 ശതമാനം വരെ വേഗത്തിലാണ് പുതിയ വൈറസിന്‍റെ വ്യാപനം. ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ കണ്ടെത്തിയ വാക്സിനുകൾ മതിയാവുമോയെന്നും സംശയമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈറസിനെ ചെറുക്കാൻ മോഡേണയ്ക്ക് കഴിയുമെന്ന് നിർമ്മാതാക്കൾ അറിയിച്ചത്.