ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇൻഡ്യാനപൊളിസിലെ ഫെഡെക്സ് കമ്പനി കേന്ദ്രത്തിൽ 19 കാരനായ മുൻ ഉദ്യോഗസ്ഥൻ നടത്തിയ കൂട്ട വെടിവയ്പിൽ നാല് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
കമ്പനിയിലെ ഭൂരിഭാഗം ജോലിക്കാരും ഇന്ത്യക്കാരായിരുന്നുവെന്ന് ഇന്ത്യാന പൊലീസ് മേധാവി റാൻഡൽ ടെയ്‌ലർ പറഞ്ഞു. ആക്രമണത്തിൽ 8 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം കമ്പനിയിലെ മുന്‍ ജീവനക്കാരനായ ബ്രന്‍ഡന്‍ ഹോളാണ് വെടി വച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം ബ്രന്‍ഡന്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.
ഇന്നലെയായിരുന്നു സംഭവം. ആക്രമണം നടന്നതിന്‍റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ഓട്ടോമാറ്റിക് റൈഫിൾ പോലുള്ള തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ ഇതിനുളള കാരണവും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ വെടി വയ്പ്പ് അമേരിക്കയില്‍ തുടര്‍ക്കഥയാവുകയാണെന്ന് പ്രസിഡന്‍റ് ജോബൈഡന്‍ വ്യക്തമാക്കി.
സമീപകാലത്ത് നിരവധി തവണയായി രാജ്യത്ത് വെടിവെപ്പ് നടക്കുന്നു. കഴിഞ്ഞ മാസം കാലിഫോർണിയയിൽ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. ഒരു കുട്ടിയടക്കം നാല് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാർച്ച് 22ന് കൊളൊറാഡോയിൽ നടന്ന വെടി വയ്പ്പില്‍ 10 പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയിൽ പ്രതിവർഷം 40,000ത്തോളം ആളുകളാണ് വെടി വയ്പ്പില്‍ മരിക്കുന്നത്. ആത്മഹത്യകളും നിരവധിയാണ്.