വാഷിങ്‌ടണ്‍: ഫ്ലോറിഡയില്‍ സ്‌ത്രീയെ മര്‍ദിച്ച പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്‌തു. മിയാമി ഡേഡ് കൗണ്ടിയിലെ പൊലീസ് ഓഫീസറെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ച് ഇയാളോട് തര്‍ക്കിച്ച സ്‌ത്രീയെ മര്‍ദിച്ചതിനാണ് നടപടിയെടുത്തത്. സൗത്ത് ഫ്ളോറിഡ ഫിലിം മേക്കറായ ബില്ലി കോര്‍ബന്‍ ആണ് വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചത്. വീഡിയോയില്‍ പൊലീസുകാരനോട് ദേഷ്യപ്പെടുന്ന സ്‌ത്രീയെ കാണാം. തുടര്‍ന്ന് പൊലീസുകാരന്‍ സ്‌ത്രീയുടെ മുഖത്ത് അടിക്കുകയായിരുന്നു.
വൈകിയ വിമാനത്തെക്കുറിച്ച് പരാതിയുമായി സ്‌ത്രീ ബഹളമുണ്ടാക്കിയപ്പോള്‍ ടിക്കറ്റ് ഏജന്‍റ് പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി സംസാരിച്ചെങ്കിലും സ്‌ത്രീ ദേഷ്യപ്പെടുകയും സംഘര്‍ഷത്തിലവസാനിക്കുകയുമായിരുന്നെന്ന് മിയാമി ഹെരാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്‌തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മിയാമി ഡേഡ് പൊലീസ് ഡയറക്‌ടര്‍ ആല്‍ഫര്‍ഡോ റാമിറേസ് സ്റ്റേറ്റ് അറ്റോര്‍ണി കാതറിന്‍ ഫെര്‍ണാണ്ടസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.