മിനിയാപോളിസ്: ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ഡെറിക്ക് ചൗവിന് 22.5 വര്‍ഷം തടവ് ശിക്ഷ. മിനിയപോളിസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്നും നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും ജഡ്‌ജി പീറ്റര്‍ കാഹില്‍ പറഞ്ഞു. 2021 ഏപ്രിലിലാണ് ചൗവിൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊലയുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകളിൽ ഡെറിക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Also Read: ‘എനിക്ക് ശ്വാസം മുട്ടുന്നു’... ഒടുവില്‍ നീതി; ചൗവിൻ കുറ്റക്കാരനാണെന്ന് കോടതി
2020 മെയ് 25നാണ് ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജനോട്ട് കൈവശം വെച്ചുവെന്നാരോപിച്ചാണ് ഫ്ലോയ്ഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചൗവിൻ അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾകൊണ്ട് കഴുത്തിൽ അമർത്തുകയും ചെയ്തത്. എട്ടുമിനിറ്റും 46 സെക്കൻഡും ചൗവിന്‍റെ കാൽമുട്ടുകൾ ഫ്ലോയ്ഡിന്‍റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ഫ്ലോയ്ഡിന്‍റെ അവസാനനിലവിളി മുദ്രാവാക്യമാക്കി യു.എസിൽ പ്രതിഷേധം കനത്തിരുന്നു. സംഭവം വിവാദമായപ്പോൾ തന്നെ ഡെറിക് ചൗവിനെയും മറ്റ് മൂന്ന് പൊലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കി. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.