ബാഗ്ദാദ്: യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണം യുഎന്‍ ചട്ടപ്രകാരമുള്ള സ്വയം പ്രതിരോധ നടപടി മാത്രമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിനോ യുദ്ധത്തിനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധ നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമാക്രമണത്തിലൂടെ യുഎസ് കൊല്ലപ്പെടുത്തിയ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണാനന്തര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ഇറാന്‍റെ ആക്രമണം.
അതേസമയം ഇറാഖിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തകൾ പ്രതിരോധ മന്ത്രാലയം തള്ളിയതായും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കൻ സൈനിക മേധാവി കത്ത് നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. സൈനിക മേധാവിയുടേതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
സൈന്യത്തെ പിൻവലിക്കാൻ അമേരിക്ക തയ്യാറായാല്‍ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്ന് ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദി വ്യക്തമാക്കി. ഇറാഖിലെ അമേരിക്കൻ അംബാസിഡറെ മഹ്ദി വിളിച്ചുവരുത്തി. സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാഖ് പാർലമെന്‍റ് പ്രമേയം പാസാക്കിയിരുന്നു. സമാധാനത്തിനുള്ള വഴി തേടണമെന്ന് ബ്രിട്ടനും ഫ്രാൻസും സൗദിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖിലെ സൈനിക നടപടികളുടെ ഭാവി തീരുമാനിക്കാൻ ഉടൻ യോഗം ചേരുമെന്ന് നാറ്റോ സമിതിയും അറിയിച്ചു.
ഇതിനിടെ അമേരിക്കയ്ക്ക് സഹായം നല്‍കിയാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ ആക്രമിക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. കടുത്ത ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ തങ്ങളുടെ സൈന്യത്തെ ഇറാനില്‍ നിന്നും പിന്‍വലിച്ചു. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ നടപടിയില്‍ ബ്രിട്ടന്‍ അമേരിക്കക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.