ബോസ്റ്റൺ : ഡാവിഞ്ചി കോഡ് രചയിതാവ് ഡാൻ ബ്രൗണും അദ്ദേഹത്തിന്‍റെ മുൻ ഭാര്യ ബ്ലൈത്ത് ബ്രൗണും തമ്മിലുള്ള സ്വകാര്യതാ ലംഘന കേസുകള്‍ ഒത്തുതീര്‍ന്നതായി ഇരുവിഭാഗവും. കേസിലെ എല്ലാ വാദങ്ങളും പ്രതിവാദങ്ങളും അവസാനിപ്പിച്ചതായി ബ്ലൈത്ത് ബ്രൗണിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷം ഫയൽ ചെയ്ത തന്റെ വ്യവഹാരത്തിൽ ബ്ലൈത്ത് ബ്രൗൺ തന്‍റെ മുൻ ഭർത്താവിന്‍റെ പെരുമാറ്റം നിയമവിരുദ്ധവും ധിക്കാരപരവുമാണെന്ന് ആരോപിച്ചിരുന്നു.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന പുസ്തകത്തിന്‍റെ വരുമാനത്തില്‍ നിന്നും വലിയ തുക താന്‍ അറിയാതെ വകമാറ്റുന്നതായും അവര്‍ ആരോപിച്ചു. ഡാവിഞ്ചി കോഡ് അടക്കമുള്ള നോവലുകളുടെയും വരാനിരിക്കുന്ന ചില പ്രൊജക്ടുകളുടെയും ക്രെഡിറ്റ് തനിക്കും കൂടി അവകാശപ്പെട്ടതാണെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
Also Read: എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തിൽ ആയുധങ്ങളുമായി 19 കാരന്‍ ; അറസ്റ്റ്
ചില ടെലിവിഷന്‍ പരിപാടികളെ കുറിച്ചും വരാനിരിക്കുന്ന ചില നോവലുകളെ കുറിച്ചും അദ്ദേഹം തന്നോട് മറച്ചുവച്ചെന്നും ബ്ലൈത്ത് ആരോപിച്ചിരുന്നു. എന്നാല്‍ മുന്‍ ഭാര്യ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്നും സാമ്പത്തികമായ ഒരു കാര്യവും അവരില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഡാന്‍ ബ്രൗണ്‍ വ്യക്തമാക്കിയിരുന്നു.