ജനീവ: ലോകത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ തൊട്ട് പിന്നിലത്തെ ആഴ്ചയെക്കാള്‍ 16 ശതമാനത്തിന്‍റെ കുറവ്. ഇതോടെ കഴിഞ്ഞ ഒരുമാസ കാലയളവില്‍ തുടര്‍ച്ചയായി ലോകത്ത് കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും പത്ത് ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച ഒരു കോടിയിലധികം കൊവിഡ് രോഗികളും അറുപതിനായിരത്തോളം കൊവിഡ് മരണങ്ങളുമാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്.
പശ്ചിമ പെസഫിക്ക് മേഖലയില്‍ മാത്രമാണ് കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. തൊട്ടു പിന്നിലത്തെ ആഴ്ചയേക്കാള്‍ മൂന്നിലൊന്നിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൊവിഡ് മരണങ്ങള്‍ പശ്ചിമ പെസഫിക്കില്‍ 22 ശതമാനവും മധ്യപൂര്‍വേഷ്യയില്‍ 4 ശതമാനവും വര്‍ധിച്ചു. ലോകത്തിന്‍റെ മറ്റ് മേഖലകളിലെല്ലാം തൊട്ടുപിന്നിലത്തെ ആഴ്ചത്തേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്.
കൊവിഡ് വൈറസുകളില്‍ ഭൂരിഭാഗവും നിലവില്‍ ഒമിക്രോണ്‍ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ 99.5ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. 0.3 ശതമാനം മാത്രമാണ് ഡെല്‍റ്റ വകഭേദം. കഴിഞ്ഞ മാസം ബീറ്റ, ഗാമ, ലാമ്ഡാ തുടങ്ങിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം രോഗ നിരീക്ഷണത്തിന് പല രാജ്യങ്ങളിലും നിരവധി വെല്ലുവിളികള്‍ ഇപ്പോഴും നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ബ്രിട്ടണ്‍, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ യൂറോപ്പിലെ നിരവധി രാജ്യങ്ങള്‍ ഭൂരിഭാഗം കൊവിഡ് നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. അമേരിക്കയില്‍ ഏകദേശം 73ശതമാനം ആളുകള്‍ക്കും ഒമിക്രോണില്‍ നിന്ന് പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്നാണ് വിദഗ്‌ധര്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ തന്നെ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
അതേസമയം മഹാമാരി അവസാനിച്ചുവെന്ന് പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അശ്രദ്ധയുണ്ടാകുകയാണെങ്കില്‍ വൈറസിന് ജനിതകമാറ്റം സംഭവിച്ച് കൂടുതല്‍ അപകടകരമായ വകഭേദങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ALSO READ: ഉണക്കിയ പ്ലം എല്ലുകളെ ശക്തിപ്പെടുത്തും ; പഠനം പറയുന്നത്