ബൊഗോട്ട : ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് കൊളംബിയൻ പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക്. അമേരിക്കൻ വാക്സിനായ ഫൈസറിന്‍റെ ആദ്യ ഡോസാണ് താൻ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് 35 ദശലക്ഷം ആളുകൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് തുടരുകയാണെന്നും ജനം ഇതുമായി സഹകരിക്കണമെന്നും ഡ്യൂക്ക് പറഞ്ഞു. രാജ്യത്തെ എല്ലാ ഡോക്ടർമാക്കും ആരോഗ്യ പ്രവർത്തകർക്കും ഡ്യൂക്ക് നന്ദി അറിയിച്ചു. ഇതുവരെ 3,724,705 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 95,192 പേർ രോഗം ബാധിച്ച് മരിച്ചു.
കൊവിഡ് മഹാമാരി തടയാൻ വാക്സിൻ അല്ലാതെ മറ്റ് വഴികൾ ഇല്ല. അതിനാൽ എല്ലാ പൗരന്മാരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണം. 2021 അവസാനത്തോടെ രാജ്യത്തെ 35 ദശലക്ഷം പൗരന്മാർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്നും ഡ്യൂക്ക് കൂട്ടിച്ചേർത്തു. ഇതുവരെ ജനസംഖ്യയുടെ 70 ശതമാനം പേർ കുത്തിവയ്പ്പ് എടുത്തു. അതായത് 12.9 ദശലക്ഷം ഡോസുകൾ നൽകി.
മന്ത്രിമാർ, ഉപമന്ത്രിമാർ, ഉന്നത കൗൺസിലർമാർ, പ്രഥമ വനിത മരിയ ജൂലിയാന റൂയിസ് എന്നിവരും ബൊഗോട്ടയിലെ മിലിട്ടറി ആശുപത്രിയിൽ എത്തി പ്രസിഡന്റിനൊപ്പം വാക്സിൻ സ്വീകരിച്ചു.