വാഷിങ്ടണ്‍: അമേരിക്കയിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തണുത്ത സ്വീകരണം. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ ഖാന് കാര്യമായ സ്വീകരണം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാനെ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തില്‍ നിന്നും പ്രത്യേക പ്രതിനിധികള്‍ ആരും തന്നെയെത്തിയില്ല. പ്രോട്ടോക്കോള്‍ നിബന്ധന പാലിക്കാന്‍ പേരിന് ഒരു ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഡാലസ് വിമാനത്താവളത്തില്‍ എത്തിയത്.
സാധാരണ ഗതിയില്‍ വിദേശരാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തുന്നതാണ് പതിവ്. ആ പരിഗണന പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ലഭിച്ചില്ല. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, അമേരിക്കയിലെ പാക് സ്ഥാനപതി ആസാദ് എം ഖാന്‍ എന്നിവരാണ് ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ എത്തിയത്. നിരവധി പാക് വംശജര്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ, ഐഎസ്ഐ മേധാവി ഫൈസ് ഹമീദ് എന്നിവരും ഇമ്രാനൊപ്പമുണ്ട്. സൈനിക മേധാവിയും ഐഎസ്ഐ മേധാവിയും പാക് പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസിലെത്തുന്നത് ഇതാദ്യമാണ്.
ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പ്രത്യേക വിമാനം ഒഴിവാക്കി ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയത്. പാക് സ്ഥാനപതിയുടെ വസതിയിലാവും ഇമ്രാന്‍ താമസിക്കുക. അതേസമയം ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധവുമായി ബലൂച് സമരക്കാര്‍ രംഗത്തുണ്ട്. പാക് സ്ഥാനപതി കാര്യാലയത്തിന് മുന്നിലും വൈറ്റ് ഹൗസിന് മുന്നിലും ബലൂചികള്‍ പ്രതിഷേധിക്കും.