ടൊറന്‍റോ: കാനഡയില്‍ ആസ്‌ട്രാസെനക വാക്‌സിന്‍ വിതരണം നിര്‍ത്താന്‍ നിര്‍ദേശം. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് 55 വയസിന് താഴയുള്ളവര്‍ക്ക് ആസ്‌ട്രാസെനകയുടെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ഉപദേശക സമിതിയുടെതാണ് ശുപാര്‍ശ. കാനഡയിലെ പ്രവിശ്യകളുടെ തീരുമാനത്തിനനുസരിച്ചായിരിക്കും നിര്‍ദേശം നടപ്പാകുന്നത്.
രക്തം കട്ടപിടിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയുയര്‍ത്തി നേരത്തേ പല യൂറോപ്യന്‍ രാജ്യങ്ങളും ആസ്‌ട്രാസെനക വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. വാക്‌സിന്‍ സുരക്ഷിതമാണെന്ന യൂറോപ്യന്‍ യൂണിയന്‍ ഡ്രഗ് റഗുലേറ്ററിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വാക്‌സിന്‍ വിതരണം പുനരാരംഭിച്ചത്.
ഈ ആഴ്‌ച യുഎസില്‍ നിന്നും 1.5 മില്ല്യണ്‍ ഡോസ് ആസ്‌ട്രാസെനക വാക്‌സിന്‍ കാനഡയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ ബ്രിട്ടനിലും, യൂറോപ്പിലൊട്ടാകെയും മറ്റ് രാജ്യങ്ങളിലും ആസ്‌ട്രാസെനക വാക്‌സിനാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ വാക്‌സിന്‍റെ ഫലപ്രാപ്‌തിയെക്കുറിച്ച് സുരക്ഷാകാരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ചില രാജ്യങ്ങള്‍ വാക്‌സിന്‍ വിതരണം താല്‍കാലികമായി നിര്‍ത്തിയിട്ടുണ്ട്.