ഒട്ടാവ : കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത 800ഓളം ജീവനക്കാരെ താത്കാലികമായി പിരിച്ചുവിട്ട് കാനഡയിലെ ഏറ്റവും വലിയ എയർലൈൻസായ എയർ കാനഡ. കമ്പനിയിലെ 96 ശതമാനത്തിലധികം പേരും ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും ആരോഗ്യപരമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇളവുകൾ ഇല്ലാത്ത ജീവനക്കാരെയാണ് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചതെന്നും ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ മൈക്കൽ റൂസ്സോ പറഞ്ഞു.
ALSO READ: വിദേശ കറന്‍സികള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് വിലക്കി താലിബാന്‍ സര്‍ക്കാര്‍
നേരത്തേ ഒക്ടോബറിൽ എയർ, റെയിൽ, ഷിപ്പിങ് കമ്പനികൾ അവരുടെ ജീവനക്കാർക്കായി വാക്‌സിനേഷൻ പോളിസികൾ യാഥാര്‍ഥ്യമാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടിരുന്നു. കൂടാതെ എയർലൈനുകളിലും, എയർപോർട്ടുകളിലെ നിയന്ത്രിത മേഖലകളിലും പ്രവേശിക്കുന്ന ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 1,720,355 ആണെന്നാണ് ഒദ്യോഗിക റിപ്പോർട്ടുകൾ. കൂടാതെ 29,056 മരണങ്ങൾ കൊവിഡ് മൂലമെന്ന് കണ്ടെത്തി. രാജ്യത്ത് പരമാവധി 58,756,154 ഡോസ് വാക്‌സിന്‍ നൽകിയിട്ടുണ്ട്. ജനസംഖ്യയുടെ 78 ശതമാനമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.