വാഷിംഗ്‌ടൺ: അന്താരാഷ്ട്ര നാണയനിധിയുടെ പുതിയ മേധാവിയായി ബൾഗേറിയയിലെ സാമ്പത്തിക വിദഗ്‌ധ ക്രിസ്റ്റാലിന ജോർജിയേവയെ തെരഞ്ഞെടുത്തു. ആഗോള സാമ്പത്തിക വളർച്ച നിരാശപ്പെടുത്തുന്നതാണ് .വ്യാപാര സംഘർഷവും നിലനിൽക്കുന്നുണ്ട്. ഈ അവസരത്തില്‍ വലിയ ഉത്തരവാദിത്വമാണ് തന്നിലേല്‍പ്പിക്കപ്പെട്ടതെന്ന് ക്രിസ്റ്റാലിന പറഞ്ഞു.
പ്രതിസന്ധികളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും മാന്ദ്യത്തെ നേരിടാൻ രാജ്യങ്ങളെ തയ്യാറാക്കുന്നതുമാണ് തൻ്റെ മുൻഗണന. അന്താരാഷ്ട്ര സഹകരണത്തിലൂടെ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനാകുമെന്നും ക്രിസ്റ്റാലിന ജോർജിയേവ കൂട്ടിച്ചേർത്തു
ക്രിസ്റ്റിൻ ലഗാർഡിന് ശേഷം അന്താരാഷ്ട്ര നാണയനിധിയുടെ മേധാവിയാകുന്ന ക്രിസ്റ്റാലിന ജോർജിയേവയുടെ അഞ്ചുവർഷ കാലാവധി ഒക്ടോബർ ഒന്നിന് ആരംഭിക്കും. 2017 ജനുവരി മുതൽ ലോക ബാങ്ക് സിഇഒ ആയിരുന്ന ജോർജിയേവ ഈ വർഷം ഫെബ്രുവരി 1 മുതൽ ഏപ്രിൽ 8 വരെ ലോക ബാങ്ക് ഗ്രൂപ്പിൻ്റെ ഇടക്കാല പ്രസിഡൻ്റായിരുന്നു.
യൂറോപ്യൻ കമ്മീഷൻ, അന്താരാഷ്ട്ര സഹകരണ കമ്മീഷൻ, ബജറ്റ് മാനവ വിഭവശേഷി വൈസ് പ്രസിഡൻ്റ് എന്നീ മേഖലകളിലും ക്രിസ്റ്റാലിന ജോർജിയേവ സേവനമനുഷ്ഠിച്ചിട്ടുണ്ട്.