ബ്രസീലിയ: സാവോ പോളോ ആസ്ഥാനമായുള്ള ബ്യൂട്ടാൻടാൻ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ ബ്രസീലിയൻ കൊവിഡ് വാക്സിനായ ബ്യൂട്ടാൻവാകിന്‍റെ നിർമാണം ആരംഭിച്ചതായി ഗവർണർ ജോവ ഡോറിയ പറഞ്ഞു. പൂർണമായും ബ്രസീലിൽ നിർമിക്കുന്ന വാക്സിന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും സർക്കാർ ധനസഹായത്തോടെയാണ് നിർമിക്കുന്നതെന്നും ഗവർണർ പത്രസമ്മേളനത്തിൽ പറഞ്ഞു.
18 മില്യൺ ഡോസ് വാക്സിന്‍റെ നിർമാണം ജൂലൈ പകുതിയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാക്സിന് ഇതുവരെ ബ്രസീലിലെ ഹെൽത്ത് റെഗുലേറ്ററി ഏജൻസിയായ അൻവിസയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
അൻവിസ അംഗീകാരം നൽകിയാൽ ജൂലൈ ആദ്യ പകുതിയിൽ തന്നെ ബ്യൂട്ടാൻവാക് ഉപയോഗിക്കാൻ കഴിയുമെന്നും വർഷാവസാനത്തോടെ 100 മില്യൺ മുതൽ 150 മില്യൺ ഡോസുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഡോറിയ പറഞ്ഞു.
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ മനുഷ്യരിൽ പരീക്ഷിക്കുന്ന ഒന്നും രണ്ടും ഘട്ടങ്ങളിൽ 1,800 സന്നദ്ധപ്രവർത്തകർ പങ്കെടുക്കുമെന്ന് സാവോ പോളോ സർക്കാർ പറഞ്ഞു.
ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോവാക് ലൈഫ് സയൻസസ് വികസിപ്പിച്ച കൊറോണവാക് വാക്സിന്‍റെ നിർമാണവും പാക്കേജിങും ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നുണ്ട്. ബ്രസീലിൽ ജനുവരി 17 മുതൽ കൊറോണവാക് ഉപയോഗിക്കുന്നുമുണ്ട്.